SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ സ്കൂൾ അടയ്ക്കുന്നത് ഏപ്രിൽ ആദ്യവാരത്തിലാകുമെന്ന സർക്കാർ തീരുമാനം നടപ്പാക്കാൻ കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) ഭേദഗതി ചെയ്യേണ്ടി വരും. സംസ്ഥാനത്ത് ഒന്നുമുതൽ 10വരെയുള്ള ക്ലാസുകൾ ഈ വർഷംമുതൽ ഏപ്രിൽ 5വരെ നടക്കുമെന്നും വേനൽ അവധിക്കായി സ്കൂൾ അടയ്ക്കുന്നത് ഏപ്രിൽ 6ന് ആകുമെന്നുമാണ് മന്ത്രി വി. ശിവൻകുട്ടി അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.
ഈ വർഷം മുതൽ സ്കൂൾ വേനലവധി ഏപ്രിൽ 6മുതൽ: സ്കൂൾ അടയ്ക്കുന്നത് ഏപ്രിൽ 5ന്
വേനൽ അവധി സമയത്ത് ക്ലാസുകൾ നടത്തുന്നതിനുള്ള നിയമപ്രശ്നങ്ങൾക്കൊപ്പം അധ്യാപക സംഘടനകളിൽ നിന്ന് എതിർപ്പുയരാനും സാധ്യതയുണ്ട്. വേനൽ അവധിക്കാലത്തെ ആദ്യ ആഴ്ചയാണ് പ്രവൃത്തി ദിനങ്ങളാക്കുന്നത്.
പുതിയ തീരുമാന പ്രകാരം നിലവിൽ മാർച്ച് അവസാനത്തിൽ നടക്കുന്ന വാർഷിക പരീക്ഷകൾ ഏപ്രിലിലേക്കു നീളും. കെഇആർ അനുസരിച്ച് നിലവിൽ ഏപ്രിൽ, മെയ് മാസങ്ങൾ അവധിക്കാലമാണ്. അടിയന്തര സാഹചര്യത്തിൽ മാത്രമാണ് ഇതിൽ മാറ്റം വരുത്താൻ നിയമമുള്ളത്. കെഇആർ ഭേദഗതി ചെയ്യാതെ അവധിക്കാലം പ്രവൃത്തി ദിവസമാക്കിയാൽ ആ ദിവസങ്ങളിൽജോലി ചെയ്യേണ്ടി വരുന്ന അധ്യാപകർക്ക് ലീവ് സറണ്ടർ അനുവദിക്കണമെന്ന ആവശ്യം സംഘടനകൾ ഉയർത്താൻ ഇടയുണ്ട്. സ്കൂൾ ജീവനക്കാരുടെ വിരമിക്കലുമായി ബന്ധപ്പെട്ടും മാറ്റങ്ങൾ വരുത്തേണ്ടി വരും. നിലവിൽ എല്ലാ വർഷവും മാർച്ച് 31ന് ആണ് ഭൂരിഭാഗം അധ്യാപകരും സ്കൂൾ ജീവനക്കാരും സർവീസിൽ നിന്ന് വിരമിക്കുന്നത്.
സ്കൂൾ അടയ്ക്കുന്നത് ഏപ്രിൽ 5ന് ആകുമ്പോൾ സർവീസ് കാലാവധിയും നീട്ടി നൽകേണ്ടി വരും.
അധ്യയന ദിവസങ്ങൾ ഏപ്രിൽ മാസത്തിലേക്ക് നീട്ടുന്ന സർക്കാർ തീരുമാനം ക്വാളിറ്റി ഇംപ്രൂവ്മെന്റ്പ്രോ ഗ്രാമിൽ ഉൾപ്പെട്ട അധ്യാപക സംഘടനകളെ അറിയിച്ചിരുന്നില്ല. ഇതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സാധാരണ യോഗം വിളിച്ച് ചർച്ച ചെയ്ത ശേഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലുള്ള പ്രധാന തീരുമാനങ്ങൾ എടുക്കാറ്. ഈ വർഷത്തെ അക്കാദമിക്
കലണ്ടർ അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അധ്യാപക സംഘടനാ യോഗം വിളിച്ചിരുന്നെങ്കിലും ഈ വർഷം സ്കൂൾ അടയ്ക്കുന്നത് ഏപ്രിൽ 6ന് ആണെന്ന് അറിയിച്ചിരുന്നില്ല.