തിരുവനന്തപുരം: 2026-27 അദ്ധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം തിരുവനന്തപുരം ജില്ലയിലെ ഗവ. മോഡൽ ജിഎച്ച്എസ്എസ് ൽ നടക്കും. ജൂൺ 1 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി, മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ, കലാസാംസ്ക്കാരിക വിദ്യാഭ്യാസ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. സ്കൂൾ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ ചുവടെപ്പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം.
🌐സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കുമ്പോൾ തന്നെ കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും പ്രവേശനോത്സവം നടത്തേണ്ടതാണ്. ജില്ലകളിൽ ജില്ലാതല ഉദ്ഘാടനം നടത്തേണ്ടതാണ്.
🌐ഒന്നു മുതൽ 12 വരെ ക്ലാസുകളുള്ള സ്കൂളുകൾ ജില്ലാതല ഉദ്ഘാടനകേന്ദ്രമായി തെരഞ്ഞെടുക്കേണ്ടതാണ്. ജില്ലാതല ഉദ്ഘാടനം നടത്തുന്ന സ്ഥലങ്ങളിൽ വിപുലമായ സ്വാഗതസംഘ രൂപീകരണയോഗം വിളിച്ചു ചേർത്ത് പരിപാടി വിജയിപ്പിക്കേണ്ടതാണ്. ജില്ലാതല ഉദ്ഘാടനത്തിന് ബഹു. മന്ത്രിമാർ, ജന പ്രതിനിധികൾ, കലാസംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിക്കേണ്ടതാണ്. സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ പ്രത്യേകമായി ജില്ലാതല ഉദ്ഘാടനം നടത്തേണ്ടതില്ല.
🌐ജില്ലയിലെ ഉദ്ഘാടനം പോലെ ബ്ലോക്ക്, പഞ്ചായത്തു തലത്തിൽ ഉദ്ഘാടനത്തിന് ഓരോ സ്കൂൾ തെരഞ്ഞെടുക്കേണ്ടതാണ്. ബ്ലോക്ക്‌തല/ പഞ്ചായത്ത്‌തല ഉദ്ഘടനങ്ങൾക്കും സ്വാഗതസംഘയോഗങ്ങൾ വിളിച്ചു ചേർത്ത് പരിപാടി വിജയിപ്പിക്കേണ്ടതാണ്.
🌐ജില്ല/ബ്ലോക്ക്/പഞ്ചായത്ത്തല ഉദ്ഘാടനങ്ങൾ നടത്തുന്ന സ്ഥലം, ഉദ്ഘാടന പരിപാടിയുടെ വിശദാംശങ്ങൾ എന്നിവ മെയ് 25 നു മുമ്പായി സമഗ്ര ശിക്ഷാ കേരളം, സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടറുടെ കാര്യാലയത്തിൽ അറിയിക്കേണ്ട താണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ഡ്രൈവ് സംസ്ഥാന ഓഫീസിൽ നിന്നും ഷെയർ ചെയ്യുന്നതാണ്.
🌐ജില്ല/ ബ്ലോക്ക്/ പഞ്ചായത്ത്തല ഉദ്ഘാടനവുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കേണ്ടതാണ്.
🌐ജില്ല / ബ്ലോക്ക്‌തല/ പഞ്ചായത്ത്‌തല സ്കൂൾ ഉദ്ഘാടനത്തിൻ്റെ വാർത്തകൾ, ചിത്രങ്ങൾ എന്നിവ പ്രത്യേകം ഡോക്യുമെൻ്റ് ചെയ്ത് സമഗ്ര ശിക്ഷാ കേരളം കാലതാമസം കൂടാതെ അയച്ചു നൽകുന്നതാണ്.
🌐പ്രവേശനോത്സവ ദിവസം ആലപിക്കാനുള്ള ‘പ്രവേശനോത്സവഗാനം’ സമഗ്ര ശിക്ഷാ, കേരള തയ്യാറാക്കി സ്കൂളുകൾക്ക് കൈമാറുന്നതാണ്. ഉദ്ഘാടന വേളയിൽ എല്ലാ സ്കൂളുകളിലും ഗാനം കേൾപ്പിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകേണ്ടതാണ്. ഗാനം കേൾപ്പിക്കാൻ സാങ്കേതിക പ്രശ്നങ്ങൾ ഒന്നുമില്ലായെന്ന് മുൻകൂട്ടി ഉറപ്പുവരുത്തേണ്ടതാണ്.
🌐പ്രവേശനോത്സവത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഘട്ടപ്രവർത്തനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായി പാലിച്ചിരിക്കേണ്ടതാണ്. പരിസ്ഥിതി സൗഹൃദപരിപാടി എന്ന ആശയത്തിന് പ്രാധാന്യം നൽകേണ്ടതാണ്.
🌐പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടന വേളയിൽ ബഹു. മുഖ്യമന്ത്രിയുടെയോ, ബഹു. പൊതുവിദ്യാഭ്യാസവകുപ്പ മന്ത്രിയുടെയോ സന്ദേശം (അത്തരത്തിലുള്ള നിർദേശം ലഭ്യമാകുന്നുവെങ്കിൽ) വായിക്കാനോ, കേൾപ്പിക്കാനോ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തേണ്ടതാണ്.
🌐പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് അർഹമായ പരിഗണന നൽകേണ്ടതാണ്.
🌐പൊതുവിദ്യാലയങ്ങളിൽ നവാഗതരെ സ്വീകരിക്കാൻ സാമ്പത്തിക ചെലവില്ലാതെ സമൂഹ പങ്കാളിത്തത്തോടെ ഉചിതമായ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതാണ്.
🌐പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടന വേളയിൽ സ്കൂളുകളിൽ ‘വിദ്യാലയ മികവുകൾ’ പ്രദർശിപ്പിക്കേണ്ടതാണ്.
🌐ജില്ലാതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചെലവ്/സാമ്പത്തിക വിനിയോഗ രേഖകൾ എന്നിവ അതാത് ജില്ലകളിൽ സൂക്ഷിക്കേണ്ടതും സ്റ്റേറ്റ് ഓഫീസിൽ യഥാസമയം ‘അറിയിക്കേണ്ടതുമാണ്.
🌐പുതുതായി പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ താത്പര്യം പരിഗണിച്ചാവണം പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്. ദീർഘനേരമുള്ള പ്രസംഗങ്ങൾക്ക് പകരം കുട്ടികളുമായി സംവദിക്കുന്ന അവതരണങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതാണ്.
🌐ജില്ലാതല പ്രവേശനോത്സവം നടത്തുന്ന വിദ്യാലയങ്ങളിൽ ജില്ലാതല മികവുകളുടെ പ്രദർശനം ഒരുക്കേണ്ടതാണ്.
🌐ജനപ്രതിനിധികൾ, ത്രിതല പഞ്ചായത്ത്, അദ്ധ്യാപക സംഘടനകൾ എന്നിവരുടെ പങ്കാളിത്തം സ്കൂൾ പ്രവേശനോത്സവത്തിൽ ഉറപ്പിക്കാൻ ആവശ്യമായ ക്രമീകരണം നടത്തേണ്ടതാണ്.
🌐ജില്ലാതല പ്രവേശനോത്സവത്തിന്റെ സ്ഥലം, പരിപാടികൾ എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്‌ടർ, ഡി.ഡി.ഇ. ഡയറ്റ് പ്രിൻസിപ്പാൾ, ആർ.ഡി.ഡി.മാർ, വി.എച്ച്.എസ്.ഇ എ.ഡി.മാർ, വിദ്യാകിരണം മിഷൻ ജില്ലാ കോർഡിനേറ്റർമാർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ, എച്ച്.എസ്.എസ്/ വി.എച്ച്.എസ്.എസ് ജില്ലാ കോർഡിനേറ്റർമാർ എന്നിവരുമായി ആലോചിച്ച് തീരുമാനിക്കേണ്ടതാണ്.
🌐ഉപജില്ലകളിൽ ഡി.ഇ.ഒ/എ.ഇ.ഒ, ബി.പി.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ പ്രതിനിധികൾ, എച്ച് എം ഫോറം സെക്രട്ടറിമാർ എന്നിവരുമായി ആലോചിച്ച് പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതാണ്.
🌐പ്രവേശനോത്സവ പരിപാടികൾ തയ്യാറാക്കുമ്പോൾ പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.
🌐ജില്ലാതല പ്രവേശനോത്സവത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ആസൂത്രണയോഗം വിളിച്ചു ചേർത്ത് ഓരോ തലത്തിലുമുള്ള സംഘാടനവും ധനവിനിയോഗവും തീരുമാനിച്ച് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതാണ്.
🌐പ്രവേശനോത്സവത്തിൻ്റെ മുന്നോടിയായി സ്കൂൾ പി.ടി.എ./എസ്.എം.സി/ എസ്.എം.ഡി.സി/എം.പി.ടി.എ/ സ്റ്റാഫ് കൗൺസിൽ എന്നിവ കൂടാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകേണ്ടതാണ്.
🌐പ്രവേശനോത്സവത്തിൻ്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ച് ഘോഷയാത്രകൾ നടത്തുന്നത് ഒഴിവാക്കേണ്ടതാണ്.
🌐പ്രവേശനോത്സവത്തിൻ്റെ എല്ലാഘട്ടപ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തേണ്ടതാണ്.
🌐പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന യോഗങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതാണ്.
🌐ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിൽ മുഴുവൻ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പുവരുത്തി ഒറ്റ ചടങ്ങായി പ്രവേശനോത്സവം സംഘടിപ്പിക്കേണ്ടതാണ്.








