തിരുവനന്തപുരം:കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് നിലവിലെ കോടതി വിധി നടപ്പിലാക്കിയാൽ സംസ്ഥാനത്ത് ശരാശരി 50,000-ത്തോളം അധ്യാപകരുടെ ജോലി പ്രതിസന്ധിയിലാകുമെന്ന് സംസ്ഥാന സർക്കാർ. വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കെ-ടെറ്റ് നിലവിൽ വരുന്നതിന് മുൻപ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും രാജ്യത്ത് ഒന്നാമതാണ്. അതിനാൽ തന്നെ, കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം കേരളത്തിന്റെ സാഹചര്യത്തിൽ നിലനിൽക്കില്ല. 2012-ൽ കെ-ടെറ്റ് നടപ്പിലാക്കുന്നതിന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് അക്കാലത്ത് ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാൽ, 2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുത് എന്നും, വിരമിക്കൽ വരെ തുടരാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ റിവ്യൂ ഹർജിയിലൂടെ ആവശ്യപ്പെട്ടു.
NET, SET, Ph.D തുടങ്ങിയ ഉന്നത യോഗ്യതകൾ ഉള്ള അധ്യാപകർക്ക് കെ-ടെറ്റിൽ നിന്നും സ്ഥിരമായി ഇളവ് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സർവീസിലുള്ള അധ്യാപകർക്ക് പ്രൊമോഷൻ ലഭിക്കുന്നതിന് കെ-ടെറ്റ് തടസ്സമാകുന്ന സാഹചര്യം ഒഴിവാക്കണം. 2010-ലെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ വിജ്ഞാപനത്തിന് മുൻപ് നിയമിതരായവർക്ക് സ്വാഭാവിക നീതി നിഷേധിക്കുന്നതാണ് നിലവിലെ വിധി.
അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം നിലനിർത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഈ റിവ്യൂ ഹർജിയിലൂടെ അധ്യാപകർക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അധ്യാപക നിയമനത്തിനും പ്രൊമോഷനും അധ്യാപക യോഗ്യതാ പരീക്ഷ (K-TET) നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി ഫയൽ ചെയ്തതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതകളും അധ്യാപകരുടെ പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
- കെ-ടെറ്റ് യോഗ്യത: ശമ്പള സ്കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകും
- നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി
- അധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും
- ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി
- റോബോട്ടിക്സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾ








