തിരുവനന്തപുരം:കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. എവിടെയെങ്കിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി.
ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
273 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിൽ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂർ 26 എന്നിങ്ങനെയാണ് ഈ മാസത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്.