തിരുവനന്തപുരം:അധ്യാപകർക്ക് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവുമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് മന്ത്രി കാര്യം അറിയിച്ചത്. ഇടയാറൻമുളയിൽ വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇടയാറൻമുളയിൽ വിദ്യാർത്ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്ഐഎസിനോട് റിപ്പോർട്ട് തേടിയിരുന്നു.
ഇക്കാര്യത്തിൽ ഉള്ള എ ഇ ഒ യുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് സസ്പെൻഷൻ. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അധ്യാപകർക്ക് വിദ്യാർത്ഥികളെ വടികൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വീണ്ടും ആവർത്തിച്ചു.