SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് ഏപ്രിൽ ഒന്നു മുതൽ മൂന്നു വരെ വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. നവകേരള സൃഷ്ടിക്കുവേണ്ടി പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ ഇടപെടലുകൾ എന്ന ആശയം മുൻനിർത്തി പൊതുവിദ്യാഭാസ വകുപ്പിനുവേണ്ടി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, ഗവേഷണ സ്ഥാപനങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരസ്പരം ബന്ധപ്പെടുത്തുക, പൊതുവിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് ഉതകുന്ന നിർദേശങ്ങൾ അവതരിപ്പിക്കുക, വിദ്യാഭ്യാസ നയ രൂപീകരണത്തിന് സഹായകരമായ നിർദ്ദേശങ്ങൾ ക്രോഡീകരിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് എഡ്യൂക്കേഷൻ കോൺഗ്രസ് സംഘടിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കി വരുന്ന ഗുണപരമായ ഇടപെടലുകളെ സംബന്ധിച്ച് പ്രചാരണം നടത്തുക, അധ്യാപകരും ഗവേഷകരും വിദ്യാർഥികളും വിദ്യാഭ്യാസ പ്രവർത്തകരും നടപ്പാക്കുന്ന നൂതന ആശയങ്ങളും പ്രവർത്തനങ്ങളും പങ്കുവയ്ക്കുക എന്നിവയും പരിപാടിയുടെ ലക്ഷ്യങ്ങളാണ്.
ഏപ്രിൽ ഒന്നിനു രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാഭ്യാസ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം നടക്കുന്ന ആദ്യ സെഷനിൽ കേരളവിദ്യാഭ്യാസം- ചരിത്രം, വർത്തമാനം, പുതിയ പ്രതീക്ഷകൾ എന്ന വിഷയത്തിൽ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. എം.വി. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ടു നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ബുലകി ഡാസ് കല്ല മുഖ്യാഥിതിയായിപങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ മോഡറേറ്ററാകും. കർണ്ണാടക, തമിഴ്‌നാട് സർക്കാരുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
രണ്ടിനു രാവിലെ 11നു വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം എന്ന വിഷയത്തിൽ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ മുൻ വൈസ് ചാൻസിലർ ജെ.ബി. തിലക് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് കേരളത്തിലെ പൊതു വിദ്യാഭാസ പ്രവർത്തനങ്ങൾ വിവിധ ഏജൻസികളുടെ ഡയറക്ടർമാർ അവതരിപ്പിക്കും. വൈകിട്ട് ഏഴിനു കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മഴയൊലി എന്ന പരിപാടിഅരങ്ങേറും. ഏപ്രിൽ മൂന്നിനു രാവിലെ ഫിൻലാന്റ് ഹെ സിങ്കി സർവകലാശാലാ പ്രൊഫസർ ജൊന്ന കങ്കാസ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഫിൻലാന്റ് വിദ്യാഭ്യാസ മാതൃകയെ സംബന്ധിച്ച സംവാദം ഉണ്ടാകും. ഉച്ചയ്ക്കുശേഷം നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭാസവകുപ്പ് മന്ത്രി അധ്യക്ഷതവഹിക്കും. ഒമ്പത് സെഷനുകളിലേയും മികച്ച അക്കാദമിക പേപ്പറുകൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. വിവിധ സെഷനുകളിൽ വിദഗ്ദ്ധരായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ പണ്ഡിതർ പങ്കെടുക്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 പ്രതിനിധികൾ പങ്കെടുക്കും. ഒമ്പതു സബ് തീമുകളിലായി 180 പേപ്പറുകൾ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.