SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം: ജില്ലാ ഹബ്ബുകളിൽ എത്തിയ സ്കൂൾ പാഠപുസ്തകങ്ങൾ മാർച്ച് 27മുതൽ വിതരണം ചെയ്ത് തുടങ്ങും. അടുത്ത അധ്യയന വർഷത്തെ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ജില്ലാതല വിതരണ ഉദ്ഘാടനങ്ങൾ 27ന് നടക്കും. എറണാകുളം കെ.ബി.പി.എസില്‍ അച്ചടി പൂര്‍ത്തിയാക്കിയ ഒന്നാം വാല്യം പാഠപുസ്തകങ്ങള്‍ ഇതിനകം തന്നെ വിവിധ ജില്ലാ ഹബ്ബുകളിലായി വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. 288 റ്റൈറ്റിലുകളിലായി 2.81 കോടി ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോൾ വിതരണത്തിനായി തയ്യാറായിരിക്കുന്നത്.
നിലവില്‍ ജില്ലാ ഹബ്ബുകള്‍ക്ക് ലഭ്യമായ പാഠപുസ്തകങ്ങൾ 2023-24 അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനും വളരെ മുന്നേ മധ്യവേനലവധിക്കാലത്ത് തന്നെ സ്കൂൾ സൊസൈറ്റികൾ വഴി കുട്ടികള്‍ക്ക് വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ട്.
ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ കുട്ടികള്‍ക്ക് സൗജന്യമായാണ് നല്‍കിവരുന്നത്. ഏകദേശം 100 കോടിയിലധികം രൂപയാണ് പാഠപുസ്തക അച്ചടി, വിതരണം എന്നീ ഇനത്തിൽ ഓരോ വർഷവും സർക്കാർ ചെലവഴിക്കുന്നത്. സർക്കാർ/എയിഡഡ് സ്കൂളുകളിലെ ഏകദേശം 38 ലക്ഷം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുന്നത്. നിലവിലെ കരിക്കുലമനുസരിച്ച് ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. ഇതിൽ ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങള്‍ യഥാക്രമം 183, 66 എന്നിങ്ങനെ ആകെ 537 ടൈറ്റിലുകളാണുള്ളത്.
537 ടൈറ്റിലുകളിലായി ആകെ 4.9 കോടി പാഠപുസ്തകങ്ങളാണ് 2023-24 അധ്യയന വര്‍ഷത്തേക്ക് ആവശ്യമായി വരുന്നത്. സംസ്ഥാനത്ത് പാഠപുസ്തക വിതരണത്തിനായി 14 ജില്ലാ ഹബ്ബുകളും 3313 സൊസൈറ്റികളും 13300 സ്കൂളുകളുമുണ്ട്. 2023-24 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് യഥാസമയം കുട്ടികളിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. 2022 സെപ്തംബർ മാസം 14 ന് 2023-24 അദ്ധ്യയന വര്‍ഷ പാഠപുസ്തക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉന്നതതല യോഗം ചേരുകയും തുടര്‍ന്ന് കൈറ്റ് മുഖാന്തരം പ്രസ്തുത വര്‍ഷത്തേക്ക് ആ വശ്യമായ പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ് ഓണ്‍ലൈനായി ശേഖരിച്ച് അച്ചടിച്ച പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനമാണ് ഇന്നിവിടെ നടക്കുന്നത്.
പാഠപുസ്തക വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലാ ഹബ്ബുകളിലും സ്റ്റോർക്കീപ്പർമാരേയും കെ.ബി.പി.എസിൽ 3 പേരേയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ വിതരണം ആരംഭിക്കുന്ന ഒന്നാം വാല്യം പാഠപുസ്തകങ്ങള്‍ക്കു പുറമേ 183 ടൈറ്റിലുകളിലായി 1.82 കോടി രണ്ടാം വാല്യം പുസ്തകങ്ങളും 20 ലക്ഷം മൂന്നാം വാല്യം പാഠപുസ്തകങ്ങളുടേയും വിതരണം ഒന്നാം വാല്യത്തിനുശേഷം ആരംഭിക്കുന്നതാണ്.
2023-24 അദ്ധ്യയന വര്‍ഷം ഓണ്‍ലൈൻ മുഖേന ശേഖരിച്ച ഇൻഡന്റ് പ്രകാരം അച്ചടി ഉത്തരവ് കെ.ബി.പി.എസിന് നല്‍കുകയും ഈ അച്ചടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അച്ചടി പൂര്‍ത്തിയാക്കിയ പാഠപുസ്തകങ്ങൾ വിവിധ ജില്ലാ ഹബ്ബുകളില്‍ എത്തിച്ചശേഷം കുടുംബശ്രീ പ്രവര്‍ത്തകരാണ് സോര്‍ട്ടിംഗ്, പാക്കിംഗ് എന്നിവ പൂര്‍ത്തീകരിച്ച് സൊസൈറ്റികളിലേക്ക് വിതരണം നടത്തുന്നത്.
2022-23 അദ്ധ്യയന വർഷം ഏപ്രിൽ 28 നാണ് ഔദ്യോഗിക പാഠപുസ്തക വിതരണ ഉദ്ഘാടനം നടന്നതെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ ഒരുമാസത്തിലും മുന്നെയാണ് വിതരണം ആരംഭിക്കുന്നത്. വിതരണം സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വകുപ്പില്‍ വിവിധ തലങ്ങളിലായി ജീവനക്കാരെ നിയമിക്കുകയും ജില്ലാതലത്തില്‍ മുഴുവൻ സമയ വാര്‍റൂമുകളും പ്രവര്‍ത്തിച്ചുപോരുന്നു. ഇതിനായി പ്രവര്‍ത്തിച്ചുപോരുന്ന വകുപ്പിലെ എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നു.