SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ അധ്യാപക അവാർഡ് പ്രഖ്യാപനം അനിശ്ചിതത്വത്തിൽ. മുൻവർഷങ്ങളിൽ അധ്യാപക ദിനത്തിനു മുൻപായി നടക്കാറുള്ള പുരസ്കാര പ്രഖ്യാപനമാണ് 6 മാസം പിന്നിട്ടിട്ടും നീണ്ടുപോകുന്നത്. സാധാരണ അവാർഡ് പ്രഖ്യാപനം നടത്തി അധ്യാപക ദിനത്തിൽ വിതരണം ചെയ്യാറാണ് പതിവ്. മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി ഈ വർഷം നടപടികൾ കർശനമാക്കിയിരുന്നു.
പുരസ്കാരത്തിനായി നേരത്തെ അധ്യാപകർക്ക് സ്വയം അപേക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ വർഷം മുതൽ പുരസ്കാരത്തിനായി ഏതെങ്കിലും അധ്യാപകനെ സ്റ്റാഫ് കൗൺസിലോ പ്രധാന അധ്യാപകനോ ശുപാർശ ചെയ്യണം. ശുപാർശ ചെയ്യപ്പെട്ട അധ്യാപകന്റെ പ്രവർത്തനങ്ങൾ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവതരിപ്പിക്കുകയും വേണം. ഇതിൽ ജില്ലാതല അവതരണം പൂർത്തിയായെങ്കിലും സംസ്ഥാനതല അവതരണം ഇതുവരെ നടന്നിട്ടില്ല. എൽപി മുതൽ ലൊക്കേഷണൽ ഹയർസെക്കൻഡറി വരെയുള്ള 5 വിഭാഗങ്ങളിൽ നിന്നായി 2 വീതം അധ്യാപകരെയാണ് ഓരോ ജില്ലയിൽ നിന്നും പുരസ്കാര നിർണ്ണയതിന്റെ സംസ്ഥാനതല റൗണ്ടിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. 14 ജില്ലകളിൽ നിന്നുള്ള 140 അധ്യാപകരുടെ സംസ്ഥാനതല അവതരണം പൂർത്തിയായാൽ മാത്രമേ അവാർഡ് നിർണയം സാധ്യമാകൂ.
മുൻ വർഷങ്ങളിൽ സെപ്റ്റംബർ 5ന് അധ്യാപക ദിനത്തിലാണ് പുരസ്കാരം സമ്മാനിച്ചിരുന്നത്.
കോവിഡിന് ശേഷം സ്കൂൾ പ്രവർത്തനം ആരംഭിച്ച കഴിഞ്ഞ വർഷം അല്പം വൈകിയിരുന്നു. എന്നാൽ മാർച്ച് അവസാനമെത്തിയിട്ടും ഈ വർഷത്തെ അധ്യാപക പുരസ്‌കാരം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് പരീക്ഷകൾ പൂർത്തിയാക്കി വേനൽ അവധിക്കായി സ്കൂളുകൾ അടയ്ക്കാൻ ഒരുങ്ങുകയാണ്. മാർച്ച് 30നകം പുരസ്‌കാരം പ്രഖ്യാപിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.