
ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് വിവിധ തലങ്ങളിൽ നടക്കുന്ന പരീക്ഷകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഇന്ന് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾക്കായി 2021 ജൂൺ 1 ന് അവലോകന യോഗം ചേരാനും തീരുമാനമായി.

വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കാനും പത്താം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കാനും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, സ്കൂൾ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ ക്ഷേമത്തിന് സർക്കാർ മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
