50 ലക്ഷം രൂപയുടെ സമ്മാനവുമായി ‘ടോയ്ക്കത്തോൺ 2021’: വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാർട്ടപ്പുകൾക്കും അവസരം

ന്യൂഡൽഹി: മനോഹരമായ കളിപ്പാട്ടങ്ങൾ ഉണ്ടാക്കി 50 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നേടാൻ അവസരം. കേന്ദ്രസർക്കാർ ഒരുക്കുന്ന ‘ടോയ്ക്കത്തോൺ 2021’ ൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം. വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാർട്ടപ്പുകൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന തരത്തിലാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സംസ്കാരവും ചരിത്രവുമെല്ലാം പ്രതിനിധീകരിക്കുന്ന കളിപ്പാട്ടങ്ങളാണ് മത്സരത്തിന്റെ ഭാഗമായി നിർമിക്കേണ്ടത്. സാമൂഹിക-മാനുഷിക മൂല്യങ്ങൾ, പരിസ്ഥിതി, ഭിന്നശേഷിക്കാർ തുടങ്ങി ഒമ്പതോളം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ‘ടോയ്ക്കത്തോൺ 2021’ സംഘടിപ്പിക്കുന്നത്. നിലവിലുള്ളതോ നൂതനമോ ആയ ആശയങ്ങളുപയോഗിച്ച് കളിപ്പാട്ടങ്ങളുണ്ടാക്കാം. വിദ്യാർഥികളേയും അധ്യാപകരേയും ഉൾക്കൊള്ളിച്ചാവണം മത്സരങ്ങൾ നടത്തേണ്ടതെന്ന് സർവകലാശകളോടും വൈസ് ചാൻസിലർമാരോടും യു.ജി.സിയും ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 20. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും toycathon.mic.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top