തിരുവനന്തപുരം: ഹരിത കേരള മിഷന്റെ സഹായത്തോടെ സംസ്ഥാനത്തെ ഐടിഐകളില്‍ നടപ്പാക്കിയ ഹരിതക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണപ്രഖ്യാപനം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഓൺലൈനായി നിര്‍വഹിച്ചു. പതിനൊന്ന് ഐടിഐകളെയാണ് ആദ്യഘട്ടത്തില്‍ ഹരിതക്യാമ്പസായി പ്രഖ്യാപിച്ചത്.
പച്ചക്കറികൃഷി, ഹരിതോദ്യാനം, പൂന്തോട്ടം, പച്ചത്തുരുത്ത്, മത്സ്യകൃഷി, മഴവെള്ളസംഭരണം, ബയോഗ്യാസ് പ്ലാന്റ്, മാലിന്യസംസ്‌കരണം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്. ഐആര്‍ടിസി, കോസ്റ്റ്‌ഫോര്‍ഡ് എന്നിവയുടെ സഹകരണവും പദ്ധതിക്കുണ്ട്. കഴക്കൂട്ടം വനിത, ചന്ദനത്തോപ്പ്, ചെന്നീര്‍ക്കര, കട്ടപ്പന, ചാലക്കുടി വനിത, മലമ്പുഴ, വാണിയംകുളം, കോഴിക്കോട് വനിത, കല്‍പ്പറ്റ, അരീക്കോട്, പുല്ലൂര്‍ ഗവ. ഐടിഐകളാണ് ആദ്യഘട്ടത്തിൽ ഹരിതക്യാമ്പസുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.