മലപ്പുറം: രാജ്യത്ത് ആദ്യമായി ”ബാല സൗഹൃദ ഭവനം” പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി തവനൂർ പഞ്ചായത്ത്. സന്തോഷകരമായ കുടുംബ ബന്ധങ്ങൾക്കും, ആരോഗ്യമുള്ള തലമുറകളെ വാർത്തെടുക്കാനും മികച്ച സമൂഹത്തിൻ്റെ രൂപീകരണത്തിനും പഞ്ചായത്തിലെ ഓരോ വീടും ”ബാല സൗഹൃദ”മാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തവനൂർ പഞ്ചായത്ത് മലപ്പുറം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് സമ്പൂർണ്ണ ബാല സൗഹൃദ ഭവനം പദ്ധതി “കുട്ടിപ്പുര” നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ഗൃഹ സന്ദർശന വിവരശേഖരണത്തിന് തുടക്കമായി. 19 വാർഡുകളിലെ പതിനായിരത്തോളം വീടുകളിൽ നേരിട്ട് എത്തിയാണ് വിവരശേരണം നടത്തുന്നത്. ഇതിനായി പരിശീലനം ലഭിച്ച 300 വിദ്യാർത്ഥികളാണ് രംഗത്ത്. കുടുംബശ്രീ അംഗങ്ങളും, അങ്കണവാടി പ്രവർത്തകരും പഞ്ചായത്ത് അംഗങ്ങളും ഒപ്പമുണ്ട്. വിവരശേഖരത്തിനു ശേഷം കണ്ടെത്തുന്ന പ്രശ്നങ്ങൾക്ക് അദാലത്തുകൾ സംഘടിപ്പിച്ച് പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ പ്രശ്ന പരിഹാര നടപടികൾ സ്വീകരിക്കും. കെ .എം. സി .ടി .ലോ കോളേജ്, ഐഡിയൽ കോളേജ്, തവനൂർ ഗവ.കോളേജ്, എം ഇ എസ് എഞ്ചീനിയറിംഗ് കോളേജികളിലെ വിദ്യാർത്ഥികളാണ് സർവെയിൽ പങ്കെടുക്കുന്നുത്. അഞ്ഞൂറിലധികം പേർ നേതൃത്വം നൽകുന്ന വലിയ ജനകീയ കാമ്പയിനായി ഒറ്റ ദിവസം കൊണ്ട് സർവേ പൂർത്തീകരിക്കുന്നത്.
ഓരോ വീട്ടിലെയും കുട്ടികളുടെ സുരക്ഷാ പ്രശ്നങ്ങളും, ആരോഗ്യ പ്രശ്നങ്ങൾ, രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾ, , മൊബൈൽ അഡിക്ഷൻ, ലഹരി ഉപയോഗം, മാനസിക സംഘർഷം, വിദ്യാഭ്യാസം തടസ്സപ്പെട്ട കുട്ടികൾ തുടങ്ങീ ഇരുപത്തിയഞ്ചോളം വിവരങ്ങളാണ് വീടുകളിൽ നിന്ന് ശേഖരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഓരോ വാർഡിലും ബാല സൗഹൃദ ഗ്രാമ സഭകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. വിവരശേഖരണ പരിപാടിയുടെ ഉദ്ഘാടനം തവനൂർ പഞ്ചായത്ത് പ്രസിഡൻറ് സി.പി. നസീറ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ.എ.സുരേഷ് മുഖ്യാതിഥിയായി. ബ്ലോക്ക് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ.പ്രേമ ലത, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എം പി.വിമൽ, പഞ്ചായത്തംഗം കെ.കെ. പ്രജി, സി.ഡി.എസ് പ്രസിഡണ്ട് പി.പ്രീത, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ അഡ്വ.പി.ജാബിർ, അഡ്വ.രാജേഷ് പുതുക്കാട്, സി. ഹേമലത എന്നിവർ പ്രസംഗിച്ചു.