തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകിക്കൊണ്ടുള്ള ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ആർ.ബിന്ദു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്ത് ലോകനിലവാരത്തിലുള്ള അക്കാദമിക മികവ് ഉറപ്പാക്കാനും അതുവഴി കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കാനും സാധ്യമായ വഴികളെല്ലാം സ്വീകരിക്കുന്നതിൻ്റെ ഭാഗമാണ് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തിൻ്റെ സമഗ്ര പരിഷ്കരണത്തിന് സംസ്ഥാന സർക്കാർ നിയോഗിച്ച ശ്യാം ബി മേനോൻ കമീഷൻ്റെ പ്രധാന ശുപാർശകളിൽ ഒന്നു കൂടിയാണ് സർക്കാർ ഇതോടെ നിറവേറ്റുന്നത്. കേരള, എംജി, കാലിക്കറ്റ്, ശ്രീശങ്കര, മലയാളം, കണ്ണൂർ, കെടിയു, കുസാറ്റ് സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള സർവകലാശാല നിയമ (ഭേദഗതി) ബില്ലും ഈ നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും. അക്കാദമിക് സമൂഹത്തിന് വേഗത്തിൽ സേവനം ലഭ്യമാക്കുന്നതിനും വികേന്ദീകൃത ജനാധിപത്യ സംവിധാനം ഉറപ്പുവരുത്തുന്നതിനും വേണ്ട സമഗ്രമായ പരിഷ്കരണമാണ്
സർവ്വകലാശാലാ നിയമ (ഭേദഗതി) ബില്ലിലൂടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്യുന്നത്.
ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ, സർവ്വകലാശാലാ നിയമ പരിഷ്കരണ കമ്മീഷൻ എന്നിവയുടെ റിപ്പോർട്ടുകളുടെയും തുടർന്ന് വിവിധങ്ങളായ തലങ്ങളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് സർവ്വകലാശാലാ നിയമ (ഭേദഗതി) ബിൽ തയ്യാറായിരിക്കുന്നതെന്നും മന്ത്രി ബിന്ദു പറഞ്ഞു.