ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
കണ്ണൂർ: സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്‍ററുകളിലും 2022-23 അദ്ധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 15, വൈകീട്ട് അഞ്ച് മണിവരെ അപേക്ഷ സമർപ്പിക്കാം. മുൻ സെമസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവരും ആയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം.
പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ (http://admission.kannuruniversity.ac.in) ഓണ്‍ലൈൻ ആയി രജിസ്റ്റർ ചേയ്യേണ്ടതാണ്. വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതാത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്.
ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും 450/- രൂപയും എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് 150/- രൂപയുമാണ്.
SBI e-pay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്.
പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. എം.ബി.എ പ്രോഗ്രാമിന്‍റെ പ്രവേശനം KMAT/CMAT/CAT എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറിന്‍റെ അടിസ്ഥാനത്തിലാണ്.
ഒന്നിൽ കൂടുതൽ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. എന്നാൽ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, താവക്കര ക്യാംപസ് കണ്ണൂർ, മാങ്ങാട്ടുപറമ്പ, നീലേശ്വരം എം.ബി.എ സെന്ററുകൾ, ഐ.സി.എം പറശിനിക്കടവ് എന്നിവടങ്ങളിലേക്കുള്ള എം.ബി.എ കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതിയാകും. അതുപോലെ പാലയാട്, മഞ്ചേശ്വരം കാമ്പസുകളിലെ LLM കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതിയാകും.
വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ http://admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് ഫോൺ /ഇ-മെയില്‍ മുഖാന്തിരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715284, 7356948230.
E -mail id: deptsws@kannuruniv.ac.in