JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: റഷ്യ-യുക്രൈൻ യുദ്ധത്തെത്തുടര്‍ന്ന് കേരളത്തിലേക്കെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തില്‍. ഓള്‍ കേരള യുക്രൈന്‍ മെഡിക്കല്‍ സ്റ്റുഡന്റ്സ് ആന്‍ഡ് പാരന്റ്സ് അസോസിയേഷന്റെ (എ.കെ.യു.എം.എസ്.പി.എ.) കണക്ക് പ്രകാരം 3379 കുട്ടികളാണ് പഠനം പാതിവഴിയിലായി കേരളത്തിൽ തിരിച്ചെത്തിയത്. ഇന്ത്യയിൽ മൊത്തം 22,000 വിദ്യാര്‍ത്ഥികളുണ്ട്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ മുതല്‍ കോഴ്സ് തീരാന്‍ മൂന്നു മാസം മാത്രം ബാക്കിയുള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിലും യുദ്ധക്കെടുതിയില്‍ നിന്ന് മോചനം നേടാന്‍ ഇനിയുമേറെക്കാലം വേണമെന്നതിനാലും ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലെന്നു തന്നെയാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നിലപാട്.
സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരുന്നുണ്ടെങ്കിലും ക്ലാസ് ഓഫ് ലൈനിലാകുമ്പോള്‍ പങ്കെടുക്കാൻ കഴിയില്ല. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ പഠിപ്പിക്കാൻ വേണ്ട സാഹചര്യം ഒരുക്കണമെന്നതാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രധാന ആവശ്യം. കുട്ടികള്‍ നേരിടുന്ന രണ്ടാമത്തെ പ്രശ്‌നം സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാത്തതാണ്. സര്‍ട്ടിഫിക്കറ്റുകളൊന്നും ഇല്ലാതെയാണ് എല്ലാവരും തിരിച്ചുവന്നത്. എന്‍.എം.സി.യും ഇന്ത്യന്‍ എംബസിയും ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപവത്കരിച്ച് രംഗത്തിറങ്ങിയത്. എല്ലാ ജില്ലകളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഘടന നിലവില്‍വന്നിട്ടുണ്ട്. സംഘടനയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാർ മുതൽ എം.എല്‍.എമാർ വരെയുള്ളവരെയൊക്കെ കണ്ട് നിവേദനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. അഖിലേന്ത്യാടിസ്ഥാനത്തിലും സംഘടന രൂപവത്കരിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇന്ത്യയില്‍ പഠനം തുടരുന്നതിന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ (എന്‍.എം.സി.) അനുമതി വേണം. സര്‍വകലാശാല മാറുന്നതിനുവേണ്ടിയുള്ള അനുമതിയാണ് നല്‍കേണ്ടത്. ഇതിന് നിയമഭേദഗതി വരുത്തണം. ഇക്കാര്യങ്ങളുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സംഘടന മന്ത്രിമാരെ കാണുന്നത്.
ഭൂരിഭാഗം പേരും വിദ്യാഭ്യാസ വായ്പയെടുത്താണ് യുക്രൈനിലേക്കെത്തിയത്. തങ്ങളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുമോ എന്ന ആശങ്കയിലാണിവർ. യുക്രൈനില്‍ നിന്ന് തിരിച്ചുവന്ന കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിനായി 10 കോടിരൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചതാണ് വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷയേകുന്ന ഏക ഘടകം. ഉടൻ തന്നെ ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടില്ലെങ്കിൽ വിദ്യാർത്ഥികളുടെ ഒരു വര്‍ഷം നഷ്ടമാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.