JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കോട്ടയം: അണ്ണാമലൈ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ പദ്ധതിക്ക് 2015 വർഷം മുതൽ യു.ജി.സി. അംഗീകാരം നഷ്ടപ്പെട്ട സാഹചര്യത്തിൽ അവിടെ നിന്നുള്ള വിവിധ ബിരുദങ്ങൾക്ക് എലിജിബിലിറ്റി/ ഇക്വലൻസി (തുല്യത/യോഗ്യത) സർട്ടിഫിക്കറ്റുകൾ നൽകുന്നത് 2014 അഡ്മിഷൻ വരെയുള്ള വിദ്യാർത്ഥികൾക്കായി പരിമിതപ്പെടുത്താൻ മഹാത്മാഗാന്ധി സർവകലാശാല തീരുമാനിച്ചു. അണ്ണാമലൈ സർവ്വകലാശാല വിദൂരവിദ്യഭ്യാസ പദ്ധതിയിൽ വിവിധ കോഴ്‌സുകൾക്കായി 2015 മുതൽ പ്രവേശനം നേടിയവർ നിലവിൽ നൽകിയിട്ടുള്ള തുല്യത/യോഗ്യത സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ നിരസിക്കാനാണ് തീരുമാനം. കൂടാതെ, 2015 ന് ശേഷമുള്ള പുതിയ അപേക്ഷകൾ ഇനി സ്വീകരിക്കുകയുമില്ല.
മഹാത്മാഗാന്ധി സർവ്വകലാശാല ഇതിനകം നൽകിയിട്ടുള്ള തുല്യത / യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാധ്യത യു.ജി.സി. ഇതു സംബന്ധിച്ച് പുതുതായി എടുത്തിട്ടുള്ള തീരുമാനത്തിന് വിധേയമായിരിക്കുമെന്നും എം.ജി. സർവ്വകലാശാല അറിയിച്ചു.
അണ്ണാമലൈ സർവ്വകലാശാലയുടെ അംഗീകാരമില്ലാത്ത കോഴ്‌സുകൾ പാസായതിന്റെ അടിസ്ഥാനത്തിൽ 2022 അധ്യയന വർഷം മുതൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള പഠനവകുപ്പുകളിലോ, അഫിലിയേറ്റഡ്, ഓട്ടോണമസ് കോളേജുകളിലോ പ്രവേശനം അനുവദിക്കുന്നതുമല്ല.
വിദൂര വിദ്യഭ്യാസ പദ്ധതിക്ക് കീഴിൽ അണ്ണാമലൈ സർവ്വകലാശാലയിൽ നിന്ന് 2015 അധ്യയനവർഷമോ അതിന് ശേഷമോ വിവിധ കോഴ്‌സുകളിൽ പ്രവേശനം നേടിയവരുടെ കോഴ്‌സുകളുടെ അംഗീകാരത്തിനായുള്ള അപേക്ഷകളും ഇനി മുതൽ സ്വീകരിക്കില്ല.
അണ്ണാമലൈ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ പദ്ധതി പ്രകാരം 2015 അധ്യയന വർഷമോ അതിന് ശേഷമോ പ്രവേശനം നേടി ബിരുദ-ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയും നിലവിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ബിരുദാനന്തര-ബിരുദ / എം.ഫിൽ / പി.എച്ച്.ഡി. .പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി പഠനം തുടരുന്നവരുടെ കാര്യത്തിൽ ഇതിനകം അവർ ഹാജരാക്കിയിട്ടുള്ള യോഗ്യത / തുല്യത സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ക്രമപ്പെടുത്താനും മഹാത്മാഗാന്ധി സർവ്കലാശാല തീരുമാനിച്ചിട്ടുണ്ട്.