തമിഴ്നാട്: നീലഗിരി വെല്ലിങ്ടണിലെ മദ്രാസ് റെജിമെന്റല്‍ സെന്ററില്‍ 11-14 വയസ്സുള്ള, അത്ലറ്റിക്സില്‍ കഴിവുള്ള ആണ്‍കുട്ടികള്‍ക്കായി ആര്‍മി റാലി നടത്തുന്നു. സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സെന്ററിലെ ബോയ്‌സ് സ്‌പോര്‍ട്‌സ് കമ്പനി നടത്തുന്ന റാലി അന്താരാഷ്ട്ര കായികമത്സരങ്ങള്‍ ലക്ഷ്യമിട്ടുള്ള കായികതാരങ്ങളെ രൂപപ്പെടുത്തുന്നതിനായാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, ആറാം ക്ലാസുമുതല്‍ പത്താംക്ലാസുവരെയുള്ള പഠനസൗകര്യങ്ങള്‍, കായികപരിശീലനം, ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ലഭിക്കും. പത്താംക്ലാസും പതിനേഴര വയസ്സും പൂര്‍ത്തിയാക്കുന്നവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൈന്യത്തില്‍ പ്രവേശിക്കാം.
റാലിയില്‍ ഫിസിക്കല്‍, ടെക്‌നിക്കൽ കഴിവുകളാണ് പരിശോധിക്കുന്നത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോച്ചുകളുടെയും അധികൃതരുടെയും സാന്നിധ്യത്തിലാണ് റാലി. റാലിയില്‍ ശരീരത്തിലെ ഒരു തരത്തിലുമുള്ള സ്ഥിര ടാറ്റുവും അനുവദിക്കുന്നതല്ല. മെഡിക്കല്‍ ഫിറ്റ്‌നസ് മെഡിക്കല്‍ ഓഫീസറും സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്ററിലെ സ്‌പെഷ്യലിസ്റ്റും ചേര്‍ന്നാണ് അവസാന തീരുമാനമെടുക്കുക.
പ്രായം: 11-14 വയസ്സ്. 25 ഏപ്രില്‍ 2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 2008 ഏപ്രില്‍ 25-നും 2011 ഏപ്രില്‍ 24-നും ഇടയിൽ ജനിച്ചവര്‍ക്കാണ് അവസരം. 15-16 വയസ്സുള്ള ദേശീയ/അന്താരാഷ്ട്ര തലത്തില്‍ മെഡല്‍ നേടിയവര്‍ക്ക് പ്രത്യേക ഇളവുണ്ട്.
യോഗ്യത: അഞ്ചാംക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിഞ്ഞിരിക്കണം.
അഞ്ചുദിവസം വരെ ആര്‍മി റാലി നീണ്ടു നില്‍ക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്നുമുതല്‍ ആറുമാസത്തിനകം പ്രവേശനത്തിന് തയ്യാറായിരിക്കണം. റാലിയില്‍ പങ്കെടുക്കുന്നതിനായി ‘പ്രിസൈഡിങ് ഓഫീസർ, സെലെക്ഷൻ ട്രയൽസ് ബോയ്സ്, സ്പോർട്സ് കമ്പനി, ദി മദ്രാസ് റെജിമെന്റൽ സെന്റർ, വെല്ലിങ്ടൺ’ എന്ന വിലാസത്തില്‍ ഏപ്രില്‍ 25-ന് രാവിലെ ഏഴുമണിക്ക് എത്തണം.
കൂടുതൽ വിവരങ്ങള്‍ക്ക്: 8971779719
0 Comments