JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
തിരുവനന്തപുരം: വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് ഓൺലൈനായി പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കി അണ്ണാ സർവകലാശാല. എൻജിനിയറിങ് ബിരുദ വിദ്യാർഥികളുടെ ഓൺലൈൻ സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല പ്രസിദ്ധീകരിച്ചു. ഫെബ്രുവരി ഒന്നുമുതൽ രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ബിഇ, ബിടെക്ക്, ബിആർക്ക് വിദ്യാർഥികൾക്ക് സർവകലാശാല വെബ്സൈറ്റിൽ http://annauniv.edu വിശദമായ ടൈംടേബിൾ ഡൗൺലോഡ് ചെയ്യാം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർവകലാശാല സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തുന്നത്. വിദ്യാർത്ഥികൾക്ക് കംപ്യൂട്ടറോ മൊബൈൽഫോണോ ഉപയോഗിച്ച് ഓൺലൈൻ വഴി പരീക്ഷ എഴുതാം. ക്യാമറ ഓൺ ചെയ്തുവേണം പരീക്ഷ എഴുതാൻ. ഉത്തരക്കടലാസ് ഓൺലൈനായും നേരിട്ടും അവരവരുടെ കോളേജുകൾക്ക് കൈമാറണം.
മൂന്നുമണിക്കൂറാണ് പരീക്ഷയ്ക്കായി അനുവദിക്കുക. രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെയുമാണ് സമയം. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപ് ചോദ്യപ്പേപ്പർ നൽകും. ചോദ്യപ്പേപ്പർ ഓൺലൈനായി അയച്ചുനൽകും. സപ്ലിമെന്ററി പരീക്ഷയെഴുതുന്ന വിദ്യാർഥികൾ പഠിച്ച കോളേജുമായി ബന്ധപ്പെട്ട് ഹാൾടിക്കറ്റ് വാങ്ങണം. സംശയങ്ങൾക്ക് അതത് കോളേജുകളുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.
ഓൺലൈനായി നൽകുന്ന ചോദ്യപ്പേപ്പർ വിദ്യാർഥികൾ കംപ്യൂട്ടറിലോ മൊബൈൽഫോണിലോ ഡൗൺലോഡ് ചെയ്യണം. എ 4 കടലാസിൽ 30 പേജുവരെ ഉത്തരമെഴുതാം. നീല/കറുപ്പ് മഷിപ്പേന ഉപയോഗിക്കണം. ഉത്തരം ടൈപ്പ് ചെയ്യാൻ പാടില്ല. വിദ്യാർഥിയുടെ പേര്, രജിസ്റ്റർ നമ്പർ, വിഷയം എന്നിവയും പരീക്ഷത്തീയതിയും ഒപ്പും എല്ലാ പേജിലും വേണം. പരീക്ഷകഴിഞ്ഞ് ഉത്തരക്കടലാസ് സ്കാൻ ചെയ്ത് പി.ഡി.എഫ്. ആയി ഒരുമണിക്കൂറിനുള്ളിൽ കോളേജിന് ഓൺലൈനായി സമർപ്പിക്കണം.