നാനോടെക്‌നോളജി പഠനം പ്രോത്സാഹിപ്പിക്കാന്‍ എം.ജിയില്‍ ഡോ. റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍ ചെയര്‍

കോട്ടയം: നാനോസയന്‍സ്-ടെക്‌നോളജി പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാന്‍ എം.ജിയില്‍ ഡോ. റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍ ചെയര്‍ ആരംഭിക്കാന്‍ എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നാനോ ടെക്‌നോളജിയുടെ പിതാവും ഭൗതികശാസ്ത്രത്തിലെ നൊബേല്‍ സമ്മാന ജേതാവുമാണ് ഡോ. റിച്ചാര്‍ഡ് ഫിലിപ്‌സ് ഫെയ്ന്‍മാന്‍. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. ക്വാണ്ടം ഇലക്ട്രോ ഡൈനാമിക്‌സിന്റെ വികസനത്തിന് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് 1965ലാണ് ഫെയ്ന്‍മാന് നൊബേല്‍ സമ്മാനം ലഭിച്ചത്. നാനോടെക്‌നോളജിയുടെ ആശയ അടിത്തറപാകിയ ‘ദയര്‍ ഈസ് പ്ലെന്റി ഓഫ് റൂം അറ്റ് ദ ബോട്ടം’ എന്ന അദ്ദേഹത്തിന്റെ പ്രഭാഷണ പരമ്പര പ്രസിദ്ധമാണ്.

സര്‍വകലാശാലയില്‍ പുതുതായി ആരംഭിക്കുന്ന സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജിയുടെ ഭാഗമായാണ് ചെയര്‍ പ്രവര്‍ത്തിക്കുക. സംസ്ഥാന സര്‍ക്കാര്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാലയില്‍ അഞ്ച് രാജ്യാന്തര സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ സിന്‍ഡിക്കേറ്റംഗം പ്രൊഫ. നന്ദകുമാര്‍ കളരിക്കലിനെ ചുമതലപ്പെടുത്തി. രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരത്തിന്റെ ഭാഗമായി മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയും അഡ്വ. പി. ഷാനവാസ് അവതരിപ്പിച്ച പ്രമേയം സിന്‍ഡിക്കേറ്റ് പാസാക്കി. എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ ചോദ്യബാങ്ക് തയാറാക്കല്‍, ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ കൈമാറ്റം സാധ്യമാക്കല്‍ എന്നിവ സംബന്ധിച്ച് പഠിക്കാന്‍ തീരുമാനിച്ചു.

Share this post

scroll to top