ന്യൂഡൽഹി: കണ്ണൂർ ഡെന്റൽ കോളജിന്റെ അഫിലിയേഷൻ എടുത്തുകളഞ്ഞ ആരോഗ്യ സർവകലാശാല നടപടി റദ്ദാക്കി സുപ്രീം കോടതി. അഫിലിയേഷൻ റദ്ദാക്കിയതു മൂലം 2020-21 അധ്യയന വർഷത്തെ പ്രവേശനം തടസ്സപ്പെട്ടിരുന്നു. ഇതിനെതിരെ കോളജ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അഫിലിയേഷൻ റദ്ദാക്കിയ നടപടി ശരിവെക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ഈ അധ്യയന വർഷവും 100 സീറ്റുകളിലേക്കുള്ള പ്രവേശനവുമായി മുന്നോട്ട് പോകാൻ ജസ്റ്റിസ് എൽ. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. 2006 ലാണ് കണ്ണൂർ ഡെന്റൽ കോളജിനു അംഗീകാരം ലഭിച്ചത്. കോളജിൽ നടത്തിയ പരിശോധനയിൽ അതൃപ്തി അറിയിച്ചാണ് കോളജിന്റെ അഫിലിയേഷൻ ആരോഗ്യ സർവകലാശാല എടുത്തു കളഞ്ഞത്. സർവകലാശാല നടപടിയിൽ ജീവനക്കാരുടെ കുറവടക്കം ചൂണ്ടികാട്ടിയത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

0 Comments