
ന്യൂഡൽഹി: രാജ്യത്തെ ദേശീയ പ്രാധാന്യമുള്ള മെഡിക്കൽ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഇനി പുതിയ പരീക്ഷയായ ഇനിസെറ്റ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ ഇംപോർട്ടൻസ് കംബൈൻഡ് എൻട്രൻസ് ടെസ്റ്റ്). പരീക്ഷ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. എയിംസ് ന്യൂഡൽഹി, പുതുച്ചേരി, ജിപ്മെർ,ചണ്ഡീഗഢ് പിജിഐഎംഇആർ, ബെംഗളൂരു നിംഹാൻസ് എന്നിവയിലെ എംഡി, എംഎസ്, എം.സിഎച്ച്, ഡിഎം, എംഡിഎസ് കോഴ്സുകളിലെ 2021 ജനുവരിയിലേക്കുള്ള പ്രവേശനം ഇനിസെറ്റ് പരീക്ഷ വഴി നടക്കും.
എയിംസ് ന്യൂഡൽഹിക്കാണ് പരീക്ഷയുടെ നടത്തിപ്പു ചുമതല. നവംബർ 20നാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങി. ഒക്ടോബർ 12 വരെ ബേസിക് രജിസ്ട്രേഷൻ ചെയ്യാം. ഒക്ടോബർ 14–17 തീയതികളിൽ തിരുത്തലുകൾ വരുത്താൻ സൗകര്യമുണ്ട്. ഒക്ടോബർ ആറു മുതൽ ഫൈനൽ രജിസ്ട്രേഷൻ ചെയ്തു തുടങ്ങാം. നവംബറിൽ അഡ്മിറ്റ് കാർഡ് ലഭിക്കും. ബേസിക് റജിസ്ട്രേഷൻ ചെയ്യുന്നതിനായി aiimsexams.org എന്ന സൈറ്റ് സന്ദർശിക്കാം.