തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ് സിഇആർടി) രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ശക്തമായ പിന്തുണ നൽകുന്ന സ്ഥാപനമാണ് എസ്.സി.ഇ.ആർ.ടിയെന്നും വിഷയങ്ങളുടെ ശാസ്ത്രീയ വശങ്ങൾ കണ്ടു പിടിക്കാനും അത് എല്ലാവരിലുമെത്തിക്കാനും നടത്തുന്ന പ്രവർത്തനം അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരെയും ഉൾക്കൊണ്ടുള്ള ജനകീയ വിദ്യാഭ്യാസമാണ് കേരളത്തിലുണ്ടാകേണ്ടത്. വിവിധ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളാണ് വിദ്യാഭ്യാസത്തെ നയിക്കുന്നത്. ഇതിലൂടെയാണ് മാനവികത നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.സി.ഇ.ആർ.ടി. സംഘടിപ്പിക്കുന്ന അധ്യാപക പരിവർത്തന കോഴ്സിന്റെ ഓൺലൈൻ സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഓരോ കുട്ടിയുടെയും കഴിവ് കണ്ടെത്താനും പ്രാദേശിക സാഹചര്യങ്ങൾ ഉൾപ്പെടെ പരിഗണിച്ച് പഠനാനുഭവങ്ങൾ പ്രദാനം ചെയ്യാനും വേണ്ട അറിവും ശേഷിയുമുള്ള അധ്യാപക സമൂഹത്തെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ആറ് മാസം ദൈർഘ്യമുള്ള അധ്യാപക പരിവർത്തന കോഴ്സ് നടപ്പാക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾക്കുമായി തയ്യാറാക്കിയ 16 പുസ്തകങ്ങൾ മന്ത്രി പ്രകാശനം ചെയ്തു. രജത ജൂബിലി വർഷ ആഘോഷത്തിന്റെ ഭാഗമായി ദേശീയ സംസ്ഥാന സെമിനാറുകൾ, പഠനമാതൃകകളുടെ പ്രദർശനങ്ങൾ, പുസ്തകപ്രകാശനം, മികവുകളുടെ പ്രദർശനം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തും. ഒ. രാജഗോപാൽ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. എ പ്രദീപ് കുമാർ എം എൽ എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, പൂജപ്പുര വാർഡ് കൗൺസിലർ ബി. വിജയലക്ഷ്മി, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജെ പ്രസാദ്, എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി കുട്ടികൃഷ്ണൻ, കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ അൻവർ സാദത്ത്, സീമാറ്റ് കേരള ഡയറക്ടർ എം. എ. ലാൽ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഗവേർണിംഗ് ബോഡി അംഗം സി. രാമകൃഷ്ണൻ, സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ എൻ ശ്രീകുമാർ, സി പി ചെറിയ മുഹമ്മദ്, സജീവ് തോമസ് തുടങ്ങിയവർ സംബന്ധിച്ചു.
0 Comments