തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. ഈ വർഷം ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം പകുതിയായി കുറഞ്ഞു. ആകെ വിജയശതമാനത്തിൽ 0.43 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ പകുതിയോളം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2025-ൽ 61,449 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ 2026 30,514 പേർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്.
ആകെ 4,14,290 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,10,456 പേർ ഉപരിപഠനത്തിന് അർഹത നേടി.
ഏറ്റവും കൂടുതൽ വിജയശതമാനമുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ് (99.72%). ഏറ്റവും കുറഞ്ഞ വിജയശതമാനം തിരുവനന്തപുരം (97.99%) ജില്ലയിലാണ്. വിദ്യാഭ്യാസ ജില്ലകളിൽ കുട്ടനാട് 100 ശതമാനം വിജയം കൈവരിച്ച് ഒന്നാമതെത്തി.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ് (80,108 പേർ). ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും മലപ്പുറം (5,098 പേർ) തന്നെയാണ് മുന്നിൽ.
ആകെ 2,105 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇതിൽ 767 സർക്കാർ സ്കൂളുകളും, 930 എയ്ഡഡ് സ്കൂളുകളും, 408 അൺ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു. ഗൾഫ് മേഖലയിൽ 631 പേർ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു (100%വിജയം). ലക്ഷദ്വീപിൽ 386 പേർ പരീക്ഷ എഴുതിയതിൽ 377 പേർ (97.67%) ഉപരിപഠനത്തിന് അർഹത നേടി. പട്ടികജാതി വിഭാഗത്തിൽ 97.82 ശതമാനവും, പട്ടികവർഗ്ഗ വിഭാഗത്തിൽ 97.90 ശതമാനവും, ഒ.ബി.സി വിഭാഗത്തിൽ 99.14 ശതമാനവും വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി.








