തിരുവനന്തപുരം:വിജയദശമി ദിനത്തിൽ ‘ഹരി ശ്രീ’ കുറിച്ച് പതിനായിരക്കണക്കിന് കുരുന്നുകൾ. സംസ്ഥാനത്തിനകത്തും പുറത്തുമായി ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഭാഷാപിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻ പറമ്പിൽ പുലർച്ചെ 5മുതൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിച്ചു. കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാൻമാരും സരസ്വതി മണ്ഡപത്തിൽ സാഹിത്യകാരൻമാരുമാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായിആയിരക്കണക്കിന് പേരാണ് തുഞ്ചൻ പറമ്പിൽ എത്തിയിട്ടുള്ളത്. പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ
പുലർച്ചെ 4 മുതൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി.
അഭീഷ്ട വരദായിനിയായ പനച്ചിക്കാട്ടമ്മയുടെ സവിധത്തിലെത്തി അക്ഷരഗംഗയില്‍ നീരാടി വിശ്വാസ നിറവിൽ ആദ്യാക്ഷരം കുറിക്കുവാൻ ആയിരക്കണക്കിന് കുരുന്നുകളുമായി മാതാപിതാക്കൾ ക്ഷേത്രത്തിലെത്തികൊണ്ടിരിക്കുകയാണ് .
വൈകിട്ട് 4 വരെയാണ് ചടങ്ങ്. സരസ്വതീനടയ്ക്കു സമീപം എഴുത്തിനിരുത്തിനു പ്രത്യേക മണ്ഡപം ഒരുക്കിയിട്ടുണ്ട്. ചടങ്ങ് കഴിഞ്ഞ് വിഷ്ണുനടയിൽ തൊഴുതു മടങ്ങാൻ കഴിയും വിധമാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. അക്ഷരദേവതയെ സ്തുതിച്ച് 56 ഗുരുക്കന്മാരാണ് എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകുന്നത്. തൃശ്ശൂർ ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ
പുലർച്ചെ നാലുമണിക്ക് സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭം നടന്നു. തിരുവള്ളക്കാവ് ശ്രീധരൻ വാര്യരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രം കൗണ്ടറിന് പുറമേ ഏഴു താൽക്കാലിക കൗണ്ടറുകളും 60 ഓളം ആചാര്യന്മാരേയും ഈ വിശേഷാൽ ദിനത്തിൽ ക്ഷേത്രം ഭാരവാഹികൾ ഒരുക്കിയത്. പത്തനംതിട്ട ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ മന്ത്രി വീണാ ജൊർജ് കുട്ടികളെ എഴുത്തിനിരുത്തി.