JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്കൂൾ പുതുപരീക്ഷകളിൽ വായനയ്ക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വായനശീലമുള്ള വിദ്യാർത്ഥികൾക്ക് 10 മാർക്ക് ആണ് നൽകുക. ഇതിനുള്ള തുടർനടപടികൾക്കായി പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ഉടൻ തയ്യാറാക്കും. ഇതിനായി സ്കൂളുകളിലെ ലൈബ്രറികൾ കാര്യക്ഷമമാക്കണം. ലൈബ്രറികൾ പൊടി പിടിച്ചു കിടക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. സ്കൂളിൽ വായനാശീലം ഉള്ള ഒരു അധ്യാപികയെ ലൈബ്രറിയുടെ ചുമതല ഏൽപ്പിക്കണം. പ്രധാനാധ്യാപകർക്കാണ് ഇതിന്റെ ചുമതല. ഈ അധ്യാപികയുടെ മേൽനോട്ടത്തിൽ കുട്ടികളിൽ വായനാശീലം വളർത്തണം. പത്രവായന നിർബന്ധമാക്കണം. ഒരു ദിവസം ഏതെങ്കിലും ഒരു പത്രം വായിക്കുന്നത് കുട്ടികളുടെ ഭാവിക്ക് ഗുണകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളുടെ മികച്ച ഭാവിക്ക് വയനാശീലം അനിവാര്യമാണ്. എല്ലാ സ്കൂളുകളിലും ഇനി വായന ശീലമാക്കണം. വയനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായാണ് 10 മാർക്ക് നൽകുന്നത്.
കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യത (K-TET) സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിന്യായ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. കോടതിയുടെ നിർദ്ദേശം അനുസരിച്ച് അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിറങ്ങി സർക്കാർ/എയിഡഡ് സ്കൂളുകൾ തിരിച്ച് കെ-ടെറ്റ് യോഗ്യതയുള്ള അധ്യാപകരുടെ വിവരങ്ങൾ സമർപ്പിക്കാനാണ് നിർദേശം. പ്രത്യേകം പ്രൊഫോർമയിൽ രണ്ടു ദിവസത്തിനുള്ളിൽ supdth.dge@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ കർശനമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു. ഓഗസ്റ്റ് 31ന് ഓരോ സ്കൂളിലും സർവീസിൽ ഉള്ള അധ്യാപകരുടെ ആകെ എണ്ണം, 2025 ഓഗസ്റ്റ് 31ന് കെ-ടെറ്റ് യോഗ്യത ഇല്ലാതെ ജോലി എടുക്കുന്ന അധ്യാപകരുടെ എണ്ണം, സി-ടെറ്റ് യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം തുടങ്ങിയ വിശദമായ വിവരങ്ങളാണ് കൈമാറേണ്ടത്. കണക്കെടുപ്പിനുള്ള ഫോമിന്റെ മാതൃക താഴെ നൽകുന്നു.