തിരുവനന്തപുരം:ചലിക്കുന്ന റോബോട്ടുകള്‍ മുതല്‍ സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍ സജ്ജമാകും. റോബോട്ടിക്സ് പഠനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾക്കായി ടെൻഡർ ക്ഷണിച്ചു. എല്ലാ ഹൈസ്കൂളുകളിലെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ ഈ കിറ്റുകൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ആർഡിനോ യൂനോ 3 ഉൾപ്പെടെ 15 ഓളം ഘടകങ്ങള്‍ അടങ്ങുന്ന 29000 റോബോട്ടിക് കിറ്റുകള്‍ നേരത്തെ സ്കൂളുകള്‍ക്ക് കൈറ്റ് ലഭ്യമാക്കിയിട്ടുണ്ടെന്നും കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.അന്‍വർ സാദത്ത് അറിയിച്ചു.
ഈ അധ്യയനവർഷം മുതൽ നാല് ലക്ഷത്തിലധികം പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന വിധം റോബോട്ടിക്സ് പഠനം ഇപ്പോള്‍ ഐസിടി പാഠ്യ പദ്ധതിയുെട ഭാഗമായി മാറിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഐ.ഒ.ടി ഉപകരണങ്ങള്‍ ഉൾപ്പെടെ തയ്യാറാക്കാന്‍ സഹായിക്കുന്ന പുതിയ അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍. പുതിയ കിറ്റിൽ ഐ.ഒ.ടി. സംവിധാനം ഒരുക്കുന്നതിനുള്ള വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ സൗകര്യങ്ങളുള്ള ഇ എസ് പി 32 അധിഷ്ഠിതമായ ഡെവലപ്മെന്റ് ബോർഡാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അൾട്രാസോണിക് ഡിസ്റ്റൻസ്, സോയിൽ മോയിസ്ചർ, പി.ഐ.ആർ. മോഷൻ, ലൈൻ ട്രാക്കിംഗ് സെൻസറുകൾ ഉൾപ്പെടെയുള്ള സെൻസറുകളുടെ ഒരു നിരയും കിറ്റിൽ ലഭ്യമാണ്. കൂടാതെ, ഒരു 4ഡബ്ല്യുഡി സ്മാർട്ട് കാർ ഷാസി കിറ്റ്, ഒരു സബ്മെഴ്സിബിൾ മിനി വാട്ടർ പമ്പ്, ഒരു റീച്ചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി പാക്ക് എന്നിവയും അഡ്വാൻസ്ഡ് കിറ്റിന്റെ ഭാഗമാകും. വൈവിധ്യമാർന്ന മോഡലുകൾ നിർമ്മിക്കാൻ ഇത് കുട്ടികളെ സഹായിക്കും.
പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികള്‍ക്ക് ഓട്ടോമാറ്റിക്കായി വെള്ളം ഒഴിക്കാനുള്ള സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍, കാഴ്ച പരിമിതര്‍ക്ക് നടക്കാൻ സഹായിക്കുന്ന ഉപകരണം, വായു ഗുണനിലവാര പരിശോധനാ സൗകര്യം, സ്മാര്‍ട്ട് എനര്‍ജി സേവിങ് ഡിവൈസ്, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങിയ സങ്കീർണ്ണമായ പ്രോജക്റ്റുകൾ നിര്‍മിക്കാന്‍ അഡ്വാൻസ്ഡ് കിറ്റുകൾ വിദ്യാർത്ഥികളെ സഹായിക്കും. വിവിധ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതോടൊപ്പം ഇലക്ട്രോണിക് സർക്യൂട്ടുകളെക്കുറിച്ച് പഠിക്കാനും അവയിലെ പ്രശ്നങ്ങൾ കണ്ടെത്താനും, ബ്ലോക്ക് കോഡിങ്, പൈത്തൺ, സി മുതലായവ ഉപയോഗിച്ച് ഇവയില്‍ പ്രോഗ്രാമിങ് ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും . നടപടി ക്രമങ്ങളുടെ ഭാഗമായുള്ള പ്രീ-ബിഡ് യോഗം തിങ്കളാഴ്ച പൂർത്തിയായി, കേരള സര്‍ക്കാരിന്റെ ഇ-ടെൻഡർ പോർട്ടലായ http://etenders.kerala.gov.in വഴി ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 25 ആണ്. 2025 ഡിസംബറോടെ പുതിയ കിറ്റുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലിറ്റിൽ കൈറ്റ്സ് കരിക്കുലം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്, ഇതിനായി പ്രത്യേക മൊഡ്യൂള്‍ തയ്യാറാക്കി കൈറ്റ് പരിശീലനം നല്‍കും.