തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള സ്കൂൾ സ്കോളർഷിപ്പ് പരീക്ഷകളെല്ലാം ചേർത്ത് ഒറ്റപ്പരീക്ഷയാക്കാൻ ആലോചന. 4, 7 ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ ചോദ്യാവലിയടക്കമുള്ളവ കഴിഞ്ഞ 20വർഷമായി പരിഷ്കരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പിനൊപ്പം മറ്റുപരീക്ഷകളും ചേർത്ത് ചോദ്യവലികൾ പരിഷ്ക്കരിച്ച് ഒറ്റപ്പരീക്ഷ നടത്താൻ ആലോചിക്കുന്നത്.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾക്ക് പുറമെ സാമൂഹികശാസ്ത്രം വിഷയമാക്കി സ്റ്റെപ്സ് (സ്റ്റുഡന്റ് ടാലന്റ് എൻ റിച്ച്മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്), ഗണിതമികവിനായി നുമാറ്റ്സ് (നർച്ചറിങ് മാത്തമാറ്റിക്കൽ ടാലന്റ്സ് ഇൻ സ്കൂൾസ്) എന്നീ പരീക്ഷകൾ ആറാംക്ലാസ് വിദ്യാർഥികൾക്കായി എസ്സിഇആർടി നടത്തുന്നുണ്ട്.
പുതിയ ഒറ്റപ്പരീക്ഷയിലൂടെ യുഎസ്എസ്, സ്റ്റെപ്സ്, നുമാറ്റ്സ് സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർഥികളെ കണ്ടെത്തുന്ന തരത്തിലുള്ള പരിഷ്കാരമാണ് ആലോചിക്കുന്നത്.
അതേസമയം, യുഎസ്എസ് ഏഴാംക്ലാസുകാർക്കും മറ്റുരണ്ടുപരീക്ഷയും ആറാംക്ലാസുകാർക്കും വേണ്ടി നടത്തുന്നതിനാൽ, ഒറ്റപ്പരീക്ഷ പ്രായോഗികമാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. പുതിയ പരീക്ഷാ പരിഷ്കാരത്തിനുള്ള ശുപാർശ എസ്സിഇആർടി സംസ്ഥാനസർക്കാരിന് ഉടൻ കൈമാറും.
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
തിരുവനന്തപുരം:ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലെ പാദവാർഷിക പരീക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി സെപ്റ്റംബർ 13മുതൽ 29വരെ നടക്കും. ഒന്നാംപാദ വാർഷിക (ഓണപ്പരീക്ഷ) പരീക്ഷയിൽ ഓരോ വിഷയത്തിലും 30ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്കാണ് സ്കൂളുകളിൽ പഠന പിന്തുണ ക്ലാസുകൾ നടത്തുക. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 12ന് രക്ഷിതാക്കളുടെ യോഗം സ്കൂളുകളിൽ വിളിച്ചു ചേർക്കും.
പാദവാർഷിക ആത്യന്തികവിലയിരുത്തലിന്റെ ഉത്തരക്കടലാസ് മൂല്യനിർണ്ണയം കഴിഞ്ഞ ദിവസം പൂർത്തിയായി.
കട്ടികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടാണ് വിദ്യാലയങ്ങളിലെ പഠനപ്രവർത്തനങ്ങളും അതിന്റെ വിലയിരുത്തൽ പ്രക്രിയയും വിഭാവനം ചെയ്തിട്ടുള്ളത്.
അതത് ക്ലാസിലെ പഠനലക്ഷ്യങ്ങൾ കൃത്യമായി നേടിയെന്ന് ഉറപ്പുവരുത്തുകയും തുടർപഠനം സുഗമമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഓരോ വിദ്യാലയത്തിലും നടക്കേണ്ട പഠനപിന്തുണാ പ്രവർത്തനങ്ങളുടെ സമയക്രമം ചുവടെ നൽകിയിരിക്കുന്നു.