തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ 22ന് അവസാനിക്കും. കേരളത്തിലെ ഗവ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി നൽകുന്ന സ്കോളർഷിപ്പാണ് മാർഗദീപം. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്‌കോളർഷിപ്പാണിത്. 1500 രൂപയാണ് സ്‌കോളർഷിപ് തുക. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2,50,000 രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://margadeepam.kerala.gov.in/ മുഖേന ഓൺലൈനായി സ്‌കൂൾതലത്തിൽ വേണം അപേക്ഷ നൽകാൻ. വരുമാന സർട്ടിഫിക്കറ്റ്, മൈനോറിറ്റി / കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, അച്ഛനോ / അമ്മയോ / രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്, ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25) എന്നിവ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് നിർബന്ധമല്ല. ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://margadeepam.kerala.gov.in സന്ദർശിക്കുക.
