തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് സ്കീമിന് (NMMSS) ഇപ്പോൾ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന
9 മുതൽ 12 വരെ ക്ലാസുകളിലെ മികച്ച വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അവസരം. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക ദേശീയ സ്കോളർഷിപ്പ് പോർട്ടലായ https://scholarships.gov.in വഴി അപേക്ഷ നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30ആണ്.
എട്ടാം ക്ലാസിന് ശേഷം വിദ്യാർത്ഥികൾക്കിടയിലെ കൊഴിഞ്ഞുപോക്ക് തടയുക, സെക്കൻഡറി തലത്തിൽ വിദ്യാഭ്യാസം തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സ്കോളർഷിപ്പിന്റെ പ്രധാന ലക്ഷ്യം.
അപേക്ഷകരുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം 3.50 ലക്ഷം രൂപയിൽ കൂടരുത്. കൂടാതെ, സെലക്ഷൻ ടെസ്റ്റിന് യോഗ്യത നേടുന്നതിന് വിദ്യാർത്ഥികൾ അവരുടെ ഏഴാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.
ഓരോ വർഷവും രാജ്യത്ത് അർഹരായ ഒരു ലക്ഷം വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്. ഈ സ്കോളർഷിപ്പുകൾ സംസ്ഥാന സർക്കാർ, സർക്കാർ-എയ്ഡഡ്, തദ്ദേശ സ്വയംഭരണ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 10 മുതൽ 12 വരെ ക്ലാസുകളിലൂടെ പുതുക്കാവുന്നതാണ്. സ്കോളർഷിപ്പിന് അർഹരാകുന്നവർക്ക് പ്രതിവർഷം 12,000 രൂപയാണ് അനുവദിക്കുക. വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സ്കോളർഷിപ്പ് തുക എത്തും