SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:1000 ബിരുദ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പായി നൽകുന്ന മുഖ്യമന്ത്രിയുടെ പ്രതിഭ സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള സമയം 14വരെ നീട്ടി. നേരത്തെ അറിയിച്ചതനുസരിച്ച് പ്രതിഭ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് (മാർച്ച് 10) ആണ്. കൂടുതൽ പേർക്ക് അപേക്ഷിക്കാനുള്ള അവസരത്തിനായാണ് തീയതി നീട്ടിയത്. 2021-22 അക്കാദമിക് വർഷത്തിൽ വിവിധ വിഷയങ്ങളിൽ വിജയകരമായി പഠനം പൂർത്തീകരിച്ച ബിരുദ (3/4/5 വർഷ ബിരുദ കോഴ്സുകൾ) വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷകർ http://dcescholarship.kerala.gov.in വഴി മാർച്ച് 14ന് മുൻപ് അപേക്ഷ നൽകണം.
2021-22 അധ്യയന വർഷം അവസാന വർഷ ഡിഗ്രി ബിരുദ പരീക്ഷ വിജയിച്ചവരിൽ നിന്നും ഡിഗ്രിതല പരീക്ഷയിൽ ലഭിച്ച ആകെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരെ തെരഞ്ഞെടുക്കുന്നത്. ഡിഗ്രി/തത്തുല്യ കോഴ്സിൽ റെഗുലറായി കോഴ്സ് പൂർത്തീകരിച്ചവരിൽ 75 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചിരിക്കണം. അതത് സർവകലാശാല നിഷ്കർഷിച്ചിട്ടുള്ള ഫോർമുല ഉപയോഗിച്ച് കണക്കാക്കുന്ന ആകെ മാർക്കിന്റെ ശതമാനമായിരിക്കും സ്കോളർഷിപ്പിനായി പരിഗണിക്കുക.
കേരള, കാലിക്കറ്റ്, കുസാറ്റ്, എം.ജി, കണ്ണൂർ, ആരോഗ്യ സർവകലാശാല, വെറ്ററിനറി സർവകലാശാല, കാർഷിക സർവകലാശാല, ഫിഷറീസ് സർവകലാശാല, നുവാൽസ്, സംസ്കൃത സർവകലാശാല, എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല, കേരള കലാമണ്ഡലം എന്നീ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ വിദ്യാർഥികളായിരിക്കണം. മെറിറ്റ് അടിസ്ഥാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചവരെയാണ് തെരഞ്ഞെടുക്കുക.
ഓരോ സർവകലാശലകളിലെയും ഡിഗ്രി വിഭാഗത്തിലെ ഓരോ വിഷയത്തിലും പഠിച്ച ആകെ വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി സ്കോളർഷിപ്പിന്റെ എണ്ണം പരിമിതപ്പെടുത്തും. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. ഓരോ സർവകലാശാല കളിലെയും അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ വിഷയാനുസൃതമായി വെവ്വേറെയായിരിക്കും പരിഗണിക്കുന്നത്.