JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: നാളെ മുതൽ ആരംഭിക്കുന്ന ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ വളരെ ലളിതമാകുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ചോദ്യപേപ്പറുകള ല്ല തയ്യാറാക്കിയിട്ടുള്ളത്. യാതൊരുവിധ മാനസിക സമ്മർദ്ധവും ഇല്ലാതെ കുട്ടികൾക്ക് ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ കഴിയും. ഈ വർഷം പരീക്ഷ നടത്തുന്നത് കുട്ടികൾക്ക് പരീക്ഷയുമായി ഒരു പരിചയം ഉണ്ടാകാൻ വേണ്ടിയാണ്. വർഷാവസാനം ഒരു പൊതു പരീക്ഷ ഉണ്ടെന്നും അതിനു വിദ്യാർത്ഥികൾ സജ്ജരാകണമെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ബോധവാന്മാരാകേണ്ടതുണ്ടെന്നും മന്ത്രി ചൂടിക്കാട്ടി.
തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തരോട് സംസാരിക്കുകയായിരുന്നു മന്ത്രി.നാളെ മുതലാണ് 9വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ ആരംഭിക്കുന്നത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും.
എൽ പി ക്ലാസ്സിലെ കുട്ടികൾ പരീക്ഷാ ദിവസങ്ങളിൽ ക്രയോണുകൾ, കളർ പെൻസിൽ തുടങ്ങിയവ കരുതണം. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 8,9 ചോദ്യ പേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെ ആയിരിക്കും. ആകെ 34,37,570 കുട്ടികൾ ആണ് പരീക്ഷ എഴുതുന്നത്.
കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയുന്ന രീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളത് എന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മന്ത്രി ആശംസകൾ നേർന്നു.