തിരുവനന്തപുരം: കുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂളുകളിൽ ഇലക്ട്രോണിക് പുസ്തകശാല ക്രമീകരിക്കാനുള്ള നടപടികളുമായി സിബിഎസ്ഇ. ഇതിന്റെ ഭാഗമായി ‘രാഷ്ട്രീയ ഇ-പുസ്തകാലയ’ നടപ്പാക്കാൻ നിർദേശിച്ച് സിബിഎസ്ഇ കഴിഞ്ഞമാസം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, ലേഖനങ്ങൾ, ഗവേഷണപ്രബന്ധങ്ങൾ, ഭരണഘടന, നിയമങ്ങൾ, പ്രസംഗങ്ങൾ, ചരിത്രരേഖകൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്ന ഇലക്ട്രോണിക് പുസ്തകശാലയാണ് രാഷ്ട്രീയ ഇ-പുസ്തകാലയ. സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ രാഷ്ട്രീയ ഇ-പുസ്തകാലയ ഒരുക്കണം. വിദ്യാർഥികൾക്ക് പഠനത്തിനും വായനക്കും അനുയോജ്യമായ, അക്കാദമിക് അല്ലാത്ത പുസ്തകങ്ങളാണ് രാഷ്ട്രീയ ഇ-പുസ്തകാലയത്തിൽ ക്രമീകരിച്ചിട്ടുള്ളത്. 3മുതൽ 8 വയസ് വരെ, 8മുതൽ 11 വയസ് വരെ, 11 മുതൽ 14 വയസ് വരെ, 14 വയസിനു മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ 4 വിഭാഗങ്ങളായി തരം തിരിച്ചാണ് സ്കൂളുകളിൽ ഇലക്ട്രോണിക് പുസ്തകശാല സജ്ജമാക്കുന്നത്.
23 ഭാഷകളിൽ 200ലധികം പ്രസാധകരുടെ 5500ലധികം പുസ്തകങ്ങൾ ഇ-പുസ്തകാലയയിൽ ഒരുക്കിയിട്ടുണ്ട്. രാഷ്ട്രീയ ഇ-പുസ്തകാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സ്കൂളിലെ കമ്പ്യൂട്ടർ ലാബ് അല്ലെങ്കിൽ സ്മാർട്ട്-ക്ലാസ്റൂം സൗകര്യങ്ങൾ ഉപയോഗിക്കാം. ഈ അധ്യയന വർഷം മുതൽ ഇത് നടപ്പാക്കും.










