തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ രണ്ടുഘട്ടമായി നടത്തുന്നത്. പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 15 മുതൽ 23 വരെയാണ് ആദ്യഘട്ട പരീക്ഷ. ഡിസംബർ 24 മുതൽ ജനുവരി 4വരെ ക്രിസ്മസ് അവധിക്കായി സ്കൂൾ അടയ്ക്കും. അവധിക്കുശേഷം ജനുവരി 6നാണ് അവസാന പരീക്ഷ. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവൻ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. അതേസമയം 10വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഡിസംബർ 23ന് പൂർത്തിയാക്കും.


എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽ
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ (2025-26) എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. 2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (എച്ച്ഐ), എസ്എസ്എൽസി (എച്ച്ഐ) പരീക്ഷകളുടെ രജിസ്ട്രേഷനാണ് നവംബർ 18 മുതൽ ആരംഭിക്കുക. രജിസ്ട്രേഷൻ നടപടികൾ നവംബർ 30ന് മുൻപായി പൂർത്തിയാക്കേണ്ടതാണ്. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ യാതൊരുവിധ മാറ്റവും അനുവദിക്കുന്നതല്ല എന്നും പരീക്ഷ ഭവൻ അറിയിച്ചു.










