തിരുവനന്തപുരം:സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട് തിരിതെളിയും. രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് പതാക ഉയർത്തതോടെ ശാസ്ത്രോത്സവം ആരംഭിക്കും. രാവിലെ 10ന് ഗവ.മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് വൈകിട്ട് 4.30ന് മന്ത്രി വി.ശിവൻകുട്ടി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷനാകും. 4 ദിവസം നീണ്ടുനിൽക്കുന്ന ശാസ്ത്രോത്സവത്തിൽ 8,500 വിദ്യാർഥികളാണ് പങ്കെടുക്കുക. ഐടി, പ്രവൃത്തിപരിചയം, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതശാസ്ത്രം, വിഎച്ച്എസ് സി എക്സ്പോ തുടങ്ങിയ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. പാലക്കാട് നഗരത്തിൽ 6 വേദികൾ മത്സരത്തിന് സജ്ജമായി. എല്ലാ ദിവസവും വൈകിട്ട് 3.30 മുതൽ 5 വരെ പൊതുജനങ്ങൾക്ക് ശാസ്ത്രോത്സവം കാണാൻ സൗകര്യമുണ്ട്. നവംബർ 10ന് വൈകിട്ട് 4.30നു ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപന സമ്മേളനം നടക്കും.
ഈ വർഷം പുതിയ മത്സരങ്ങൾ ഉൾപ്പെടുത്തുകയും ചിലത് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
സാമൂഹികശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളും തത്സമയ മത്സരങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ചരിത്ര സെമിനാർ എന്ന മത്സരയിനം കൂട്ടിച്ചേർത്തു. ചന്ദനത്തിരി നിർമാണം, പ്ലാസ്റ്റർ ഓഫ് പാരിസ്, ചോക്ക്, വോളിബോൾ നെറ്റ്, പനയോല ഉൽപന്നങ്ങൾ, തഴയോല ഉൽപന്നങ്ങൾ, കുട എന്നിവയുടെ നിർമാണം മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഫൈബർ ഫാബ്രിക്കേഷൻ, നൂത നാശയ പ്രവർത്തന മോഡൽ, ബാഗുകളുടെ നിർമാണം, ലോഹത്തകിടിൽ ദ്വിമാന ചിത്രം, പോസ്റ്റർ ഡിസൈനിങ്, പോട്ടറി പെയ്‌ന്റിങ്, കവുങ്ങിൻപാള ഉൽപ ന്നങ്ങൾ, ചൂരൽ ഉൽപന്നങ്ങൾ എന്നിവ ഇത്തവണ മത്സരത്തിനുണ്ടാകും.







.jpg)


