തിരുവനന്തപുരം: ഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ച് ഡോ. എം.ആർ. രാഘവവാര്യർക്കാണ് കേരള ജ്യോതി പുരസ്‌കാരം. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി.ബി.അനീഷിനും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർക്കും കേരളപ്രഭ പുരസ്‌കാരം നൽകും. മാധ്യമ പ്രവർത്തനത്തിന് ശശികുമാറിനും വിദ്യാഭ്യാസ രംഗത്ത് ടി.കെ.എം. ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർക്കും സ്റ്റാർട്ടപ്പ് രംഗത്തെ സംഭാവനകൾക്ക് എം.കെ. വിമൽ ഗോവിന്ദിനും വിവിധ മേഖകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് ജിലുമോൾ മാരിയറ്റ് തോമസിനും കായിക രംഗത്ത് അഭിലാഷ് ടോമിക്കും കേരളശ്രീ പുരസ്‌കാരം നൽകും.
വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന സർക്കാർ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്.  
മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ
തേഞ്ഞിപ്പലം:വൈജ്ഞാനിക മേഖലയിൽ ആദ്യമായി മലയാളഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ (EMMRC). ജനുവരി മുതൽ ആരംഭിക്കുന്ന കോഴ്സ് സ്വയം പ്ലാറ്റ്ഫോമിലാണ് ലഭ്യമാവുക. ഇന്ത്യയിലെ സർവകലാശാലകൾ വികസിപ്പിച്ച ഓൺലൈൻ കോഴ്സുകളുടെ ശേഖരമാണ് ഇന്ത്യ ഗവൺമെൻ്റിൻ്റെ സ്വയം ഓൺലൈൻ പോർട്ടൽ. വിദ്യാർത്ഥികൾക്കു സ്വയം കോഴ്സുകളിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത് പഠിക്കാവുന്നതാണ്.
ഹരിത രസതന്ത്രം, മധ്യകാല കേരള ചരിത്രം, ജിയോ ഇൻഫർമാറ്റിക്സ്, ടൂറിസം എന്നീ വൈജ്ഞാനിക മേഖലകളിലെ കോഴ്സുകളാണ് ഇപ്പോൾ വികസിപ്പിച്ചിട്ടുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകരിച്ചിട്ടുള്ള പുതിയ ബിരുദ ഓണേഴ്സ് ഡിഗ്രിയിലെ സിലബസിലെ കോഴ്സുകളെ ആസ്പദമാക്കിയാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. ഈ മേഖലയിലെ വിദഗ്ധരായ അധ്യാപകരാണ് ഓൺലൈൻ കോഴ്സ് നിർമ്മിച്ചിട്ടുള്ളത്. മലയാളഭാഷയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം.
മലയാളഭാഷയ്ക്ക് വലിയ മുതൽക്കൂട്ടാണ് ഭാഷയിലെ ഓൺലൈൻ കോഴ്സിന്റെ വികസനവും ലഭ്യതയും. സൈബർമേഖലയിൽ മലയാളത്തിന്റെ സാന്നിധ്യം കൂടുതൽ വിപുലമാകുന്നു. വൈജ്ഞാനിക മേഖലയിലെ ഭാഷ ഓൺലൈൻ കോഴ്സുകൾ മലയാളത്തിന്റെ തന്നെ സമ്പുഷ്ടീകരണത്തിനു സഹായകമാകുന്നതാണ്. ഈ ലക്ഷ്യങ്ങളോടെയാണ് മലയാളഭാഷയിൽ ഓൺലൈൻ കോഴ്സിൽ വികസിപ്പിച്ചിട്ടുള്ളത്.
സാങ്കേതിക പദാവലികൾ ഉൾപ്പെടെ വൈജ്ഞാനിക പഠന മേഖലയുടെ നൂതനമായ ഒരു അധ്യയന രീതായാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നത്. ഡോ. ബ്രിജേഷ് പി , ഡോ ഡോ. ജ്യോതി പി ആർ , ഡോ. പി എസ് മനോജ് കുമാർ, ഡോ. സനൂപ്കുമാർ പി വി, ഡോ. അനുജിത്ത്. എസ് എന്നിവരാണ് ഈ കോഴ്സുകൾ നിർമ്മിച്ച അധ്യാപകർ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയാണ് ഓൺലൈൻ കോഴ്സുകൾക്ക് അംഗീകാരം നൽകിയിട്ടുള്ളത്.
ഓൺലൈൻ നിർമ്മാണ മേഖലയിൽ ഇഎംഎം ആർസിയുടെ പുതിയ സംരംഭമാണിത്. ഇന്ത്യൻ ആംഗ്യഭാഷയിൽ ഓൺലൈൻ കോഴ്സ് വികസിപ്പിച്ചത് ആദ്യമായിട്ടും ഇ എം എം ആർ സി ആണ്. അതിനു ഇ ലേണിംഗിനുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചതാണ്. വൈജ്ഞാനിക മേഖലയിൽ മലയാള ഭാഷയിൽ പുതിയ ഓൺലൈൻ കോഴ്സുകൾ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു.






.jpg)


