തിരുവനന്തപുരം:നവംബർ 8ന് തുടങ്ങുന്ന പത്താം തരം തുല്യത പരീക്ഷയുടെ ടൈംടേബിളിൽ മാറ്റം വരുത്തി ഒരു ദിവസം ഒരു പരീക്ഷ നടത്താൻ നടപടി വേണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾ രംഗത്ത്. പ്രായമുള്ളവരും, ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമാണ് എസ്എസ്എൽസി തുല്യത പരീക്ഷ എഴുതുന്നത്. ഒരു ദിവസം രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ എഴുതാനുള്ള ആരോഗ്യവും മാനസിക പിൻബലവും പലർക്കുമില്ല. ഇതിനു പുറമെ കുടുംബപരമായും ജോലി സംബന്ധമായും ഒരുപാട് ഉത്തരവാദ ങ്ങൾക്കിടയിലും, തിരക്കുകൾക്കിടയിലുമാണ് ഇവർ പരീക്ഷ എഴുതുന്നത്. സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷ സമയം പോലെ രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടത്തുന്നത് ഒഴിവാക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

ഒരേ ദിവസം 2 പരീക്ഷ നടക്കുമ്പോൾ പരീക്ഷയ്ക്ക് തയാറെടുക്കാനും ബുദ്ധിമുട്ടാണ്. ഞങ്ങളുടെ ബുദ്ധിമുട്ട് ബന്ധപ്പെട്ട മന്ത്രി അടക്കമുള്ളവർ മനസിലാക്കണം എന്നാണ് ഇവരുടെ അപേക്ഷ. പരീക്ഷാ സമയം മാറ്റണം എന്നാവശ്യപ്പെട്ട് പഠിതാക്കൾ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടുണ്ട്. കത്തിന്റെ ഉള്ളടക്കം ഇങ്ങനെ;
വിഷയം: ഒരു ദിവസം 2 SSLC തുല്യത പരീക്ഷ നടക്കുന്നത് സംബന്ധിച്ചുള്ളത്.
സർ,
2025 നവംബർ 8ന് തുടങ്ങുന്ന തുല്യത പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന പഠിതാക്കളാണ് ഞങ്ങൾ. പ്രായമുള്ളവരും, ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമാണ് ഞങ്ങൾ ഓരോരുത്തരും. കൂടാതെ കുടുംബപരമായും ജോലി സംബന്ധമായും ഒരുപാട് ഉത്തരവാദ ങ്ങൾക്കിടയിലും, തിരക്കുകൾക്കിടയിലുമാണ് ഞങ്ങൾ പഠിക്കാൻ വേണ്ടി സമയം കണ്ടെത്തുന്നത്.
സർ, പരീക്ഷയുടെ ടൈം ടേബിൾ കണ്ടത് മുതൽ ഞങ്ങളിൽ പലരും ആശങ്കാകുലരാണ്. കാരണം ചില ദിവസങ്ങളിൽ രാവിലേയും, ഉച്ചക്കുമായി 2 പരീക്ഷകളാണ് നടക്കുന്നത്. ഓർമ്മക്കുറവും, മേൽസൂചിപ്പിച്ച സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന ഞങ്ങൾക്ക് ഒരു ദിവസം 2 പരീക്ഷ എഴുതുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കാൻ പോകുന്നത്. പരീക്ഷ എഴുതിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല എന്ന ചിന്താഗതിയിലേക്ക് ഇതിനോടകം പല പഠിതാക്കളും എത്തിച്ചേർന്നിരിക്കുന്നു. സർ, മേല്പറഞ്ഞ സാഹചര്യങ്ങൾ പരിഗണിച്ച് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയതു പോലെ ഒരു ദിവസം ഒരു പരീക്ഷ എന്ന നിലയിൽ ടൈം ടേബിൾ പുന:ക്രമീകരിച്ചു തരണമെന്ന് എല്ലാ പഠിതാക്കൾക്കും വേണ്ടി ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഇതിനെ അനുകൂലിച്ചുകൊണ്ട് പഠനകേന്ദ്രത്തിലെ പഠിതാക്കൾ ഒപ്പിട്ട പേപ്പറും ഈ നിവേദനത്തിന്റെ കൂടെ സമർപ്പിക്കുന്നു. സമയബന്ധിതമായി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയോടെ,
…….





.jpg)


