തിരുവനന്തപുരം:സംസ്ഥാന സ്കൂൾ ഒളിംപിക്‌സ് അത്‌ലറ്റിക്സിൽ അവസാന മത്സരങ്ങളായ 400 മീറ്ററും, 4 x 100 മീറ്റർ റിലേയും നടന്നുകഴിഞ്ഞപ്പോൾ സ്കൂളുകളിൽ 78 പോയിന്റുകളുമായി ഐഡിയൽ എച്ച്. എസ്. എസ്. കടകശ്ശേരി ഒന്നാമതായി. 58 പോയിന്റുകളുമായി വി. എം. എച്ച്. എസ്. വടവന്നൂർ രണ്ടാമതായി തൊട്ടു പുറകിൽ നാവാമുകുന്ദ എച്ച്. എസ്. എസ്. തിരുനാവായയാണ്; 57 പോയിന്റുകൾ. അവസാന ദിനം അത്‌ലറ്റിക്സിലെ പാലക്കാടിന്റെ തേരോട്ടം അവസാനിപ്പിച്ച് 247 പോയിന്റുകളുമായി മലപ്പുറം ഒന്നാം സ്ഥാനം നേടി. രണ്ടാമതായി പാലക്കാട് 212 ലേക്ക് ഒതുങ്ങിയപ്പോൾ കോഴിക്കോട് 91 പോയിൻറ്റോടെ മൂന്നാമതായി. 400 മീറ്റർ മത്സരങ്ങളിൽ നിന്ന് മൂന്നു സ്വർണവും ഓരോ വെള്ളിയും വെങ്കലവും പാലക്കാട് നേടി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ മത്സരിച്ച വി. എം. എച്ച്. എസ്. എസ്. വടവന്നൂരിലെ നിവേദ്യ കലാധരനാണ് സ്വർണം നേടിയത്. ജൂനിയർ ബോയ്സ് വിഭാഗത്തിൽ സി എച്ച് എസ് എസ് കുഴൽമന്നത്തിലെ സിനിൽ എസിനാണ് ഒന്നാം സ്ഥാനം. സീനിയർ ബോയ്സ് മത്സരത്തിൽ വി. എം. എച്ച്. എസ്. വടവന്നൂരിന്റെ എം. ഐ അൽ ഷമീൻ ഹുസൈൻ സ്വർണം നേടി.
സബ്ജൂനിയർ ഗേൾസ് മത്സരത്തിൽ കോഴിക്കോട് സെൻറ് ജോർജസ് കുളത്തുവയൽ സ്കൂളിലെ വിദ്യാർഥിനി അൽക്ക ഷിനോജ് രണ്ടാം സ്വർണ്ണം നേടി. സബ്ജൂനിയർ ബോയ്സ് മത്സരത്തിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച നാവാമുകുന്ദ എച്ച്. എസ്. എസ്. തിരുനാവായിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ നീരജാണ് സ്വർണം നേടിയത്. 100 മീറ്റർ, 200 മീറ്റർ മത്സരങ്ങളിൽ വെങ്കലം നേടിയ നീരജിന്റെ ആദ്യ സ്വർണ നേട്ടമാണ്. നീരജ് ഉത്തർപ്രദേശിലെ ബസ്തി ജില്ല സ്വദേശിയാണ്. കഴിഞ്ഞ ആറുമാസങ്ങളായി നീരജ് നാവാമുകുന്ദയിൽ പഠിക്കുകയാണ്. സീനിയർ ഗേൾസ് വിഭാഗത്തിൽ ആലപ്പുഴയിലെ ഗവൺമെൻറ് ഡി. വി. എച്ച്. എസ്. എസ്. സ്കൂളിലെ വിദ്യാർഥിനിയായ നവ്യ വി.ജെ. ആണ് സ്വർണം കരസ്ഥമാക്കിയത്.
അത്‌ലറ്റിക്സിൽ അവസാന മത്സരമായ 4 x 100 മീറ്റർ റിലേയിൽ മലപ്പുറം ജില്ലാ മൂന്ന് സ്വർണം നേടി. സബ്ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, എന്നീ വിഭാഗങ്ങളിലാണ് മലപ്പുറം സ്വർണ്ണം നേടിയത്. സീനിയർ ബോയ്സ് വിഭാഗത്തിൽ ജില്ല പുതിയ റെക്കോഡും സ്വന്തമാക്കി. കഴിഞ്ഞ 15 വർഷങ്ങളായി നിലനിന്നിരുന്ന കോട്ടയത്തിന്റെ 42.63 സെക്കന്റ് എന്ന റെക്കോർഡാണ് മലപ്പുറം 42.48 സെക്കന്റിൽ പൂർത്തിയാക്കിയത്. സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ വിജയികളായ പാലക്കാടും പുതിയ റെക്കോർഡ് നേടി. കഴിഞ്ഞ 42 വർഷങ്ങളായി നിലനിന്നിരുന്ന കണ്ണൂരിന്റെ 51.78 സെക്കന്റ് എന്ന റെക്കോർടാണ് പാലക്കാട് അവരുടെ 51.71 സെക്കൻ്റുകൾ എന്ന പുതിയ റെക്കോഡിലൂടെ തിരുത്തിയത്. ജൂനിയർ ബോയ്സ് വിഭാഗത്തിലെ കഴിഞ്ഞവർഷത്തെ റെക്കോഡായ 43.5 തൃശ്ശൂർ തിരുത്തി. 43.45 സെക്കന്റാണ് പുതിയ റെക്കോർഡ്. ജൂനിയർ ഗേൾസ് വിഭാഗത്തിൽ കണ്ണൂർ അവരുടെ തന്നെ 37 വർഷമായി തുടരുന്ന 49.3 എന്നുള്ള റെക്കോർഡ് തിരുത്തി. 48.75 സെക്കൻ്റുകളാണ് കണ്ണൂർ നേടിയ പുതിയ റെക്കോഡ്.







.jpg)


