തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ നേരിട്ട് തിരിച്ചറിയുകയുണ്ടായെന്നും ഇവർക്ക് വീട് നിർമിച്ചു നൽകുമെന്നും മന്ത്രി വി.ശിവൻകുട്ടി. ഇതിൽ സ്വർണ്ണം നേടിയവരും മീറ്റ് റെക്കോർഡ് നേടിയവരും ഉണ്ട്. ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി വീട് വെച്ച് കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിർമ്മിച്ചു നൽകും. ഇത്തരത്തിൽ നിരവധി പേർ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇവർക്ക് വീട് നിർമിച്ചു നൽകാനുള്ള പദ്ധതിയിലേക്ക് കടക്കുകയാണ്.
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണ്ണം നേടിയ അർഹരായവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയാണിത്. നിലവിൽ അമ്പത് വീട് വെച്ചു നൽകുക എന്നതാണ് ലക്ഷ്യം. ഇതിനായി വിവിധ സംഘടനകളുമായി ബന്ധപ്പെട്ടു. വളരെ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലെ നല്ലവരായ ജനങ്ങളോട് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരഭ്യർത്ഥ മുന്നോട്ടു വെയ്ക്കുകയാണ്. ഈ പദ്ധതിയിൽ വീട് വെച്ചു നൽകാൻ താൽപര്യമുള്ളവർ വകുപ്പിനെ സമീപിച്ചാൽ പാവപ്പെട്ട കുട്ടികൾക്ക് അത് വലിയ കൈത്താങ്ങാകും.
എല്ലാവരും അതിനനുസരിച്ചുള്ള പ്രവർത്തനം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നതായും മന്ത്രി അറിയിച്ചു.





.jpg)


