തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികകളിലെ നിയമനത്തിന് ഈ മാസം അവസാനം മുതൽ അപേക്ഷിക്കാം. നിയമനത്തിനായി 5/2025, 6/2025, 7/2025 വിജ്ഞാപന നമ്പർ പ്രകാരം വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിലായി ആകെ 11,420 ഒഴിവുകൾ ഉണ്ട്. നോൺടെക്നിക്കൽ ഗ്രാജ്വേറ്റ് വിഭാഗം തസ്തികകൾക്ക് ഒക്ടോബർ 21 മുതൽ നവംബർ 20 വരെയും അണ്ടർ ഗ്രാജ്വേറ്റ് വിഭാഗം തസ്തികകൾക്ക് ഒക്ടോബർ 28 മുതൽ നവംബർ 27 വരെയും ഓൺലൈനിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ http://rrbchennai.gov.in, http://rrbthiruvananthapuram.gov.in, വഴി അറിയാം. തസ്തികളുടെ വിവരങ്ങൾ താഴെ.
ടെക്നിക്കൽ വിഭാഗം
🌐ജൂനിയർ എൻജിനീയർ (ജെ.ഇ), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (ഡി.എം.എസ്), കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് (സി.എം.എ) (വിജ്ഞാപന നമ്പർ (സി.ഇ.എൻ)05/2025). ഈ തസ്തികളിലെ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. ആകെ 2570 ഒഴിവുകൾ ഉണ്ട്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് മുതലായ ബ്രാഞ്ചുകളിൽ ത്രിവത്സര അംഗീകൃത എൻജിനീയറിങ് ഡിപ്ലോമ ഉള്ളവർക്ക് ജൂനിയർ എൻജിനീയർ തസ്തികക്കും ഏതെങ്കിലും ബ്രാഞ്ചിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്ക് ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികക്കും ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ ബി.എസ്‍സി ബിരുദം ഉള്ളവർക്ക് കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് തസ്തികളിലേക്കും അപേക്ഷിക്കാം. പ്രായപരിധി 18 വയസ് മുതൽ 33 വയസ് വരെ.
അപേക്ഷ ഒക്ടോബർ 31മുതൽ നവംബർ 30 വരെ നൽകാം.
നോൺ ടെക്നിക്കൽ ഗ്രാജ്വേറ്റ്, വിഭാഗത്തിപ്പെട്ട തസ്തികകൾ (6/2025)
🌐ചീഫ് കമേഴ്സ്യൽ -കം- ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ നിയമനം. അടിസ്ഥാന ശമ്പളം 35,400 രൂപ.
🌐ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ടന്റ് അസിസ്റ്റന്റ് -കം- ടൈപ്പിസ്റ്റ്, സീനിയർ ക്ലർക്ക്-കം-ടൈപ്പിസ്റ്റ് നിയമനം. അടിസ്ഥാന ശമ്പളം 29,200 രൂപ.
🌐ട്രാഫിക് അസിസ്റ്റന്റ്നിയമനം. അടിസ്ഥാന ശമ്പളം 25,500 രൂപ. മേല്പറഞ്ഞ ഈ തസ്തികളിൽ ആകെ 5800 ഒഴിവുകൾ ഉണ്ട്.
നോൺ ടെക്നിക്കൽ അണ്ടർ ഗ്രാജ്വേറ്റ് വിഭാഗത്തിൽ (7/2025) ഉൾപ്പെട്ട തസ്തികകൾ
🌐കമേഴ്സ്യൽ -കം-ടിക്കറ്റ് ക്ലർക്ക് നിയമനം. അടിസ്ഥാന ശമ്പളം 21,700 രൂപ.
🌐 അക്കൗണ്ട്സ് ക്ലർക്ക് -കം- ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക്- കം -ടൈപ്പിസ്റ്റ് ട്രെയിൻസ് ക്ലർക്ക് നിയമനം. അടിസ്ഥാന ശമ്പളം 19,900 രൂപ. മേല്പറഞ്ഞ തസ്തികളിൽ ആകെ 3050 ഒഴിവുകൾ ഉണ്ട്.
ചീഫ് കമേഴ്സ്യൽ-കം-ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ്ട്രെയിൻ മാനേജർ തസ്തികകൾക്ക് അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. പ്രായപരിധി 18 വയസ് മുതൽ 33 വയസ് വരെ.
ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്, സീനിയർ ക്ലർക്ക്-കം-ടൈപ്പിസ്റ്റ് തസ്തികകൾക്ക് ബിരുദവും കമ്പ്യൂട്ടറിൽ ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ് പ്രാവീണ്യവും വേണം. പ്രായപരിധി 18 വയസ് മുതൽ 33 വയസ് വരെ. അണ്ടർ ഗ്രാജ്വേറ്റ് വിഭാഗത്തിൽപ്പെടുന്ന എല്ലാ തസ്തികകൾക്കും 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു /തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്.സി/ എസ്.ടി/ ഭിന്നശേഷി/ വിമുക്തഭടന്മാർ എന്നീ വിഭാഗത്തിൽപ്പെടുന്നവർക്ക് 50 ശതമാനം മാർക്ക് വേണമെന്നില്ല.
കമേഴ്സ്യൽ-കം-ടിക്കറ്റ് ക്ലർക്ക്, ട്രെയിൻസ് ക്ലർക്ക് തസ്തിക ഒഴികെ മറ്റെല്ലാ തസ്തികകൾക്കും കമ്പ്യൂട്ടറിൽ ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ് പ്രാവീണ്യം അനിവാര്യമാണ്. പ്രായപരിധി 18 വയസ് മുതൽ 30 വയസ് വരെയാണ്.