തിരുവനന്തപുരം:വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായും എന്നാൽ സ്കൂളുകളിൽ സ്ഥിരം ലൈബ്രേറിയൻ നിയമനം നടത്താതെ അധ്യാപകർക്ക് ലൈബ്രറി ചുമതല ഏൽപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്നും ലൈബ്രറി സയൻസ് ഉദ്യോഗാർഥികൾ. നിലവിലെ അവസ്ഥയിൽ ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്.
കേരള വിദ്യാഭ്യാസ ചട്ടം32 അധ്യായം, 2001ലെ ഹയർ സെക്കൻഡറി സ്പെഷ്യൽ റൂൾസ്, വിവിധ കോടതി വിധികൾ എന്നിവയിലൂടെ സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ലൈബ്രറികളിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നിർബന്ധമാണെന്ന് വർഷങ്ങളായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സർക്കാർ ഇന്നുവരെ ഒഴിവുകൾ നികത്താതെ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് അധ്യാപകർക്ക് ലൈബ്രറിയുടെ അധിക ചുമതല നൽകിയത്.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ–ഹയർ സെക്കൻഡറി സ്കൂളുകളിൽ ഏകദേശം 2000-ഓളം ലൈബ്രേറിയൻ തസ്തികകൾ ഇപ്പോഴും നികത്താതെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
ഹൈസ്കൂൾ വിഭാഗം കുട്ടികളിൽ നിന്നും ഈടാക്കുന്ന സ്പെഷ്യൽ ഫീസിൽ “കുട്ടികളിൽ നിന്ന് ലൈബ്രറി ഫീസ് കൂടി ഈടാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ഹയർ സെക്കന്ററി അഡ്മിഷൻ സമയത്തും ലൈബ്രറി ഫീസും ഈടാക്കുന്നുണ്ട്.
പൊതു വിദ്യാലയങ്ങളിലെ ലൈബ്രറികളിൽ
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാതെ അധ്യാപകർക്ക് ചുമതല ഏൽപ്പിക്കുന്നത് വായന സംസ്ക്കാരത്തോടും ലൈബ്രറി സയൻസ് എന്ന പഠനത്തോടുമുള്ള അഗണനയാണെന്നും” അവർ ആരോപിച്ചു. വിദ്യാർത്ഥികളിൽ വായന പ്രോത്സാഹിപ്പിക്കണമെങ്കിൽ കാര്യക്ഷമമായ ലൈബ്രറി സംവിധാനവും, മുഴുവൻ സമയ സേവനം നിർവ്വഹിക്കാൻ കഴിയുന്ന സ്ഥിരം ലൈബ്രേറിയന്മാരുടെ നിയമനവും അനിവാര്യമാണെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. “ലൈബ്രറി സയൻസ് പഠനം നടത്തി യോഗ്യത നേടിയവരുടെ തൊഴിൽ സാധ്യത ഇല്ലാതാക്കുന്ന നടപടികൾ സർക്കാർ ഉടൻ പുനഃപരിശോധിക്കണം. ഒഴിവുകൾ വേഗത്തിൽ നികത്തണമെന്ന്” ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.