തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ‘ഗ്രേഡ് ബി’ തസ്തികയിൽ ആകെ 120 ഒഴിവുകളിലേക്കാണ് നിയമനം. ജനറൽ കേഡർ വിഭാഗത്തിൽ 83 ഒഴിവുകളും ഡി.ഇ.പി.ആർ കേഡർ വിഭാഗത്തിൽ 17 ഒഴിവുകളും, ഡി.എസ്.ഐ.എം കേഡർ വിഭാഗത്തിൽ 20 ഒഴിവുകളുമാണ് ഉള്ളത്. പ്രായപരിധി 2025 സെപ്റ്റംബർ ഒന്നിന് 21 വയസ്സ് തികയണം. 30 വയസ്സ് കവിയാൻ പാടില്ല. 850 രൂപയും 18 ശതമാനം ജി.എസ്.ടിയും അപേക്ഷ ഫീസായി അടയ്ക്കണം. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 100 രൂപ മതി. ഓൺലൈനിൽ സെപ്റ്റംബർ 30ന് വൈകീട്ട് ആറു മണിവരെ അപേക്ഷിക്കാം. തിരഞ്ഞെടുപ്പിനായി കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, മലപ്പുറം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. വിജ്ഞാപനം http://rbi.org.in ൽ ലഭ്യമാണ്. നിയമനം സംബന്ധിച്ച വിശദ വിവരങ്ങൾ താഴെ;
ജനറൽ വിഭാഗം
🌐ഏതെങ്കിലും ഒരു വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ (പട്ടിക, ഭിന്നശേഷി വിഭാഗത്തിന് 50 ശതമാനം മതി) ബിരുദം വേണം. അതല്ലെങ്കിൽ ടെക്നിക്കൽ/പ്രഫഷനൽ ബിരുദക്കാരെയും പരിഗണിക്കും. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദം അനിവാര്യം.
ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് പോളിസി റിസർച്ച്
🌐ഇക്കണോമിക്സ്/ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/ഫിനാൻഷ്യൽ ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/അനുബന്ധ ശാഖകളിൽ എം.എ/എം.എസ്സി 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. അല്ലെങ്കിൽ ഫിനാൻസ്/അനുബന്ധ ശാഖകളിൽ എം.എ/എം.എസ്സി 55 ശതമാനം മാർക്കോടെ പാസായിരിക്കണം. ഇക്കണോമിക്സിൽ ഡോക്ടറേറ്റ് ബിരുദം അല്ലെങ്കിൽ ഗവേഷണം/അധ്യാപക പ്രവർത്തി പരിചയം ഉണ്ടാവണം.
ഡിപ്പാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ്
🌐സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/അനുബന്ധ ശാഖകൾ/ഡേറ്റ സയൻസ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (മെഷ്യൻ ലേണിങ്/ബിഗ് ഡേറ്റ അനലിറ്റിക്സ്/അനുബന്ധ ശാഖകളിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കിൽ ഇതേ വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാതെ നാലുവർഷത്തെ ബാച്ചിലേഴ്സ് ബിരുദം. നിർദിഷ്ട വിഷയങ്ങളിൽ ഡോക്ടറേറ്റ് ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം.