തിരുവനന്തപുരം:ഒന്നാംപാദ വാർഷിക പരീക്ഷയിൽ യുപി തലത്തിലെ മലയാളം ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങൾക്കുള്ള പ്രധാന അറിയിപ്പ്. സമഗ്രശിക്ഷാ കേരളം 2025-26 ആത്യന്തിക വിലയിരുത്തൽ അനുസരിച്ച് യുപിതലം മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിൽ (കേരളപാഠാവലി, അടിസ്ഥാനപാഠാവലി) വായിക്കാം എഴുതാം, എന്ന ഒന്നാമത്തെ പ്രവർത്തനത്തിൽ നാലു ചോദ്യങ്ങൾ ഉണ്ട്. ഓരോന്നിനും ഒരു സ്കോർ വീതമാണ് നിലവിൽ ഉത്തരസൂചികയിൽ നൽകിയിരിക്കുന്നത്. പ്രസ്‌തുത ചോദ്യങ്ങൾ ആശയഗ്രഹണം. വസ്തുനിഷ്‌ഠം, വിശകലനാത്മകം, ഉയർന്ന നിലവാരം (പ്രൊഫൗണ്ട് ലെവൽ) എന്നീ മേഖലകളിൽ നിന്നുള്ളവയാണ്. ഈ നാലു ചോദ്യങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള (പ്രൊഫൗണ്ട് ലവൽ) ചോദ്യത്തിന് രണ്ട് സ്കോർ നൽകി പുനഃക്രമീകരിച്ച് ആകെ 5 സ്കോർ ആക്കി മാറ്റി ഗ്രേഡ് നൽകേണ്ടതാണ്.

ചോദ്യം രണ്ടിൽ മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യഭാഗം ഒരു വ്യവഹാര രൂപവും തുടർന്നു വരുന്ന ഭാഗം ഓരോ സ്കോറുകൾ ഉൾക്കൊള്ളുന്ന 2 എം.സി.ക്യൂ ചോദ്യങ്ങളുമാണ്. നാല് സ്കോർ നൽകിയിരിക്കുന്ന വ്യവഹാരരൂപത്തിന് ഏറ്റവും ഉചിതമായ മൂന്ന് സൂചകങ്ങൾ പരിഗണിച്ചുകൊണ്ട് നിലവിൽ 4 സ്കോർ കൊടുത്തതിനു പകരം 3 സ്കോർ ആക്കി മാറ്റി നൽകേണ്ടതാണ്. അങ്ങനെ 5 സ്കോർ പരിഗണിച്ചു കൊണ്ട് ഗ്രേഡ് നൽകാം.
മറ്റു ചോദ്യങ്ങളുടെ സ്കോറിനോ സ്കോർ പരിഗണിച്ചുള്ള ഗ്രേഡിനോ വ്യത്യാസമില്ല. ആകെ പ്രവർത്തനങ്ങളിൽ ഓരോ ചോദ്യത്തിനും അഞ്ച് സ്കോർ വീതം നൽകി ഗ്രേഡ് കൃത്യമായി നിർണ്ണയിക്കേണ്ടതാണെന്നും സമഗ്ര ശിക്ഷാ കേരളം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
