തിരുവനന്തപുരം: 2025 ജൂണിൽ നടന്നപ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷയിൽ കൂടുതൽ സ്കോർ നേടിയ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റ് സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാൻ അവസരം. ഇംപ്രൂവ്മെന്റ് പരീക്ഷയിൽ ഉയർന്ന സ്‌കോർ ലഭിച്ചവർക്ക് രണ്ടാം വർഷ പരീക്ഷയുടെയും രണ്ടാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ ഒന്നാക്കി മാറ്റാം. ഇതിനായി അപേക്ഷയുടെ കൂടെ മാർച്ചിലെ ബോർഡ് പരീക്ഷയുടെയും ഇമ്പ്രൂവ്മെന്റ് പരീക്ഷകളുടെയും ഒറിജിനൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. 40 രൂപയാണ് ഫീസ്. മാർക്കുകൾ ഒന്നിച്ചാക്കി നൽകുന്ന സർട്ടിഫിക്കറ്റിലെ മാസവും വർഷവും ഇംപ്രൂവ്മെന്റ് പരീക്ഷ നടന്ന വർഷം മാസവുമായിരിക്കും.
ഇംപ്രൂവ്മെന്റ് ചാൻസ് നമ്പർ ഒന്നായിരിക്കും രേഖപ്പെടുത്തുക. എന്നാൽ സേ പരീക്ഷ ചാൻസ് രണ്ട് എന്നാണ് സൂചിപ്പിക്കുക. മാർക്ക് വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രമേ ഒന്നിച്ചുള്ള സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.
ഈ സർട്ടിഫിക്കറ്റിൽ ഇമ്പ്രൂവ് ചെയ്ത വിഷയത്തിന് ഗ്രേസ് മാർക്ക് ചേർത്ത് നൽകില്ല. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് ഇപ്പോൾ സ്‌കൂളുകൾ വഴി വിതരണം നടക്കുന്നുണ്ട്.