തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. നാല്, ഏഴ് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയതും നിലവിൽ അഞ്ച്, എട്ട് ക്ലാസുകളിൽ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ചേർന്ന് പഠനം തുടരുന്നതുമായ പട്ടികജാതി വിദ്യാർത്ഥികൾക്കാണ് 2025-26 അധ്യയന വർഷത്തെ അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ് നൽകുന്നത്. അപേക്ഷ നൽകാൻ ജൂലൈ 28 വരെ ഇ-ഗ്രാന്റ്‌സ് പോർട്ടൽ ഓപ്പൺ ചെയ്യും. സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള ഫോം കോർപ്പറേഷൻ/ ബ്ലോക്ക്/ മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. കൂടുതൽവിവരങ്ങൾ അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.
ഫാർമസി, പാരാമെഡിക്കൽ കോഴ്സ് പ്രവേശനം: സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പാക്കണം
തിരുവനന്തപുരം:ഫാർമസി, പാരാമെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനു മുൻപ് വിദ്യാർത്ഥികൾ പ്രസ്തുത സ്ഥാപനങ്ങൾക്ക് സർക്കാരിന്റെയും സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും ബന്ധപ്പെട്ട കൗൺസിലുകളുടെയും അംഗീകാരമുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ. കേരള ആരോഗ്യ സർവകലാശാലയുടെയും സംസ്ഥാനത്തെ മറ്റു അംഗീകൃത സർവകലാശാലകളുടെയും കീഴിലും (കേരള, എം ജി, കാലിക്കറ്റ്, കണ്ണൂർ, അമൃത [കൽപിത സർവകലാശാല]) നടത്തപ്പെടുന്ന പാരാമെഡിക്കൽ ഡിഗ്രി / പി ജി കോഴ്സുകൾക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ നടത്തപ്പെടുന്ന വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്കും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ DHI കോഴ്സിനും മാത്രമാണ് നിലവിൽ സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള പാരാമെഡിക്കൽ കൗൺസിലിന്റെയും അംഗീകാരമുള്ളത്. സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലും പി.എസ്.സി വഴിയുള്ള പാരാമെഡിക്കൽ – അനുബന്ധ നിയമനങ്ങളിലും പാരാമെഡിക്കൽ കൗൺസിൽ / ഡെന്റൽ കൗൺസിൽ / ഫാർമസി കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. ആയതിനാൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടുന്നതിനു മുൻപായി സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പ് വരുത്തേണ്ടതാണ്. അംഗീകാരം ഉള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് ഡിഎംഇ, എൽബിഎസ് ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.