തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ 2025-26 അധ്യയന വർഷം മുതൽ സമഗ്ര മാറ്റങ്ങളാണ് വരുന്നത്. ഈ അധ്യയന വർഷം മുതൽ 5മുതൽ 10വരെ ക്ലാസുകളിൽ എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിക്കുന്ന “ഓൾ പാസ്” സമ്പ്രദായം ഇല്ല. ഇനി വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടിയാൽ മാത്രമേ അടുത്ത ക്ലാസിലേക്ക് കയറ്റം ലഭിക്കൂ. ഇക്കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസിൽ നടപ്പാക്കിയ ‘മിനിമം മാർക്ക്’ സമ്പ്രദായം ഇനി യുപി, ഹൈസ്കൂൾ ക്ലാസുകളിലും ഉണ്ടാകും. ഒന്നുമുതൽ 9വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 30 ശതമാനം മാർക്ക് നേടാത്തവർക്ക് ക്ലാസ് കയറ്റം നൽകില്ല.
ഇത്തരം വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകൾ നൽകിയ ശേഷം മേയ് മാസത്തിൽ സേ പരീക്ഷ നടത്തും. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷയിൽ 30ശതമാനം മാർക്ക് നേടിയില്ലെങ്കിൽ സ്പെഷ്യൽ ക്ലാസ് നൽകി വാർഷിക പരീക്ഷയിൽ പങ്കെടുപ്പിക്കും. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റം. ഇതുവരെ മുഴുവൻ പേരെയും പാസാക്കുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. ഇതുവഴി വിദ്യാർഥികളുടെ പഠന വിലയിരുത്തൽ സമ്പ്രദായം താളംതെറ്റിയെന്നും ഇതുവഴി സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികളുടെ നിലവാരം താഴേക്ക് പോകുന്നുവെന്നും കണ്ടെത്തി. ഇതേ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് എല്ലാ ക്ലാസിലും “മിനിമം മാർക്ക്” കൊണ്ടുവരാൻ തീരുമാനിച്ചത്.









