തിരുവനന്തപുരം: പഠന നിലവാരം ഉയർത്താനുള്ള സമഗ്രഗുണമേൻമാ വിദ്യാഭ്യാസ നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതോടെ അടുത്ത വർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിൽ വിജയ ശതമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് സൂചന. ഈ വർഷം നടന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ചോദ്യങ്ങളുടെ കടുപ്പം കൂട്ടിയപ്പോൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 39,242 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചെങ്കിൽ ഈ വർഷം 30,145 പേർക്കാണ് ഫുൾ എ പ്ലസ്. എസ്എസ്എൽസി പരീക്ഷയിൽ കഴിഞ്ഞ വർഷം 71,831 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ടായിരുന്നത് ഇത്തവണ 61,449 ആയി കുറഞ്ഞു. ഇതിന് പിന്നാലെയാണ് ഹയർ സെക്കന്ററിയിൽ 9097 എ പ്ലസ് കുറവുണ്ടായത്.
90 ശതമാനവും അതിന് മുകളിലും മാർക്കുള്ളവരെയാണ് എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ചോദ്യങ്ങൾ തയ്യാറാക്കുന്നതിലെ ലാളിത്യവും മൂല്യ നിർണ്ണയതിൽ പുലർത്തുന്ന ഉദാര മനസ്ഥിതിയുമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വിജയ ശതമാനവും ഫുൾ എ പ്ലസും ഉയർത്തിയതെന്ന് വിമർശനം ഉയർന്നിരുന്നു. ഈ വർഷം മുതൽ ചോദ്യങ്ങളിൽ 30 ശതമാനം ലളിതവും 50 ശതമാനം ശരാശരി നിലവാരത്തിലും 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതുമായിരിക്കണമെന്നുമുള്ള മാർഗരേഖ പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. 20 ശതമാനം ചോദ്യങ്ങൾ പഠിതാവിന് വെല്ലുവിളി ഉയർത്തുന്നത് വന്നതോടെയാണ് എ പ്ലസിൽ വൻ ഇടിവുണ്ടായത്. സയൻസ് വിഷയങ്ങളിലാണ് ഇത് ഏറ്റവും പ്രകടം.
കൂടുതൽ വെല്ലുവിളി ഉയർത്തിയ കെമിസ്ട്രിയിലും എ പ്ലസുകാരുടെ എണ്ണത്തിലും കുറവുണ്ടായി. ഫിസിക്സിലും ബയോളജിയിലും മാത്സിലുമെല്ലാം എ പ്ലസ് കുറഞ്ഞു. പഠനത്തിൽ മികവ് വരുത്തി വിദ്യാർത്ഥികളുടെ തുടർപഠനം മികച്ചതാക്കുക എന്ന ലക്ഷ്യത്തിന്റെ ഫലമാണ് ഈ വിജയ ശതമാനത്തിലെ കുറവ് എന്നത് വ്യക്തമാണ്. എ പ്ലസുകാരുടെ എണ്ണം ഉയർത്തി കാട്ടിയുള്ള പ്രഹസനം വേണ്ടെന്നുവെക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറായതിന്റെ സൂചനയാണ് ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു ഫലങ്ങൾ.