തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് മുൻകൂട്ടി അധിക ബാച്ച് അനുവദിക്കേണ്ടെന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്‌മെന്റ് കഴിഞ്ഞ ശേഷം കുട്ടികൾ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകൾ പുനഃക്രമീകരിച്ചാൽ മതി എന്നും അതിനു ശേഷം സീറ്റ് ക്ഷാമമുണ്ടായാൽ മാത്രം അധിക ബാച്ചുകൾ അനുവദിക്കുന്നത് പരിശോധിക്കുമെന്നും ഉത്തരവിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 54,996 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടന്നതായി കണ്ടെത്തി യതിനെ തുടർന്നാണ് തീരുമാനം. ഏറെ വിദ്യാർത്ഥികൾ ഉള്ള മലപ്പുറത്ത് മാത്രം 7922 സീറ്റു കൾ ഒഴിഞ്ഞു കിടന്നു എന്നും ഉത്തരവിലുണ്ട്. അതേസമയം കഴിഞ്ഞ വർഷവും അതിനു മുൻ വർഷം അധികമായി അനുവദിച്ച 178 താൽക്കാലിക ബാച്ചുകളും മാർജിനൽ സീറ്റുകളും അടക്കം 73,724 സീറ്റുകൾ മുൻകൂറായി നിലനിർത്തി പ്രവേശനം നടത്തിയി ട്ടും മലബാർ മേഖലയിൽ സീറ്റ് ക്ഷാമമുണ്ടായിരുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്.
ആവശ്യക്കാർ കൂടുതലുള്ള വിഷയങ്ങളിൽ വേണ്ടത്ര സീറ്റ് ലഭ്യമല്ലാത്തതായിരുന്നു പ്രശ്നം. വൻ പ്രതിഷേധങ്ങളെ തുടർന്നു മലപ്പുറത്ത് 120 ബാച്ചുകളും കാ സർകോട്ട് 18 ബാച്ചുകളും കൂടി സപ്ലിമെന്ററി ഘട്ടത്തിൽ അധിക മായി അനുവദിച്ചാണ് പ്രശ്നം പരിഹരിച്ചത്. ഇത്തരം സാഹചര്യത്തിലാണ് വരുന്ന അധ്യയന വർഷം ഒരു ബാച്ച് പോലും മുൻകൂറായി അധികം അനുവദിക്കേണ്ടെന്ന സർക്കാർ തീരുമാനം വന്നിരിക്കുന്നത്.