തിരുവനന്തപുരം: വിദ്യാർത്ഥികളെ നേർവഴിക്കു നയിക്കുന്ന അധ്യാപകർക്ക് ആത്മബലം നൽകുന്ന ഉത്തരവാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്ന് അധ്യാപക സമൂഹം. ഇന്നലെ വന്ന ഹൈക്കോടതി ഉത്തരവിനെ സഹൃദയം സ്വാഗതം ചെയ്യുന്നതായും അധ്യാപകർ പ്രതികരിച്ചു. അധ്യാപകർക്കെതിരെ വിദ്യാർഥിയിൽനിന്നോ രക്ഷിതാക്കളിൽ നിന്നോ പരാതി ലഭിച്ചാൽ ഉടൻ അധ്യാപകർക്കെതിരെ കേസ് എടുക്കരുതെന്നാണ് ഹൈക്കോടതി നിർദേശം. പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടോ എന്നു പരിശോധിച്ച ശേഷമേ കേസെടുക്കാവൂ എന്നും സംസ്ഥാന പൊലീസ് മേധാവി ഇതു സംബന്ധിച്ച ഒരു മാസത്തിനകം സർക്കുലർ പുറത്തിറക്കണം എന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടു. വിദ്യാർത്ഥികളോട് അധ്യാപകർ വിദ്വേഷമൊന്നുമില്ലാതെ ചെറുതായി ശിക്ഷിച്ചാൽ പോലും ഇതിനെതിരെയുള്ള പരാതിയിൽ അധ്യാപകർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നുണ്ട്. ഇത് നിർത്തണം. ക്രിമിനൽ കേസുകളെ ഭയന്ന് കോളജുകളിലും സ്കൂകളിലും അധ്യാപകർ ജോലിയ്യേണ്ട സാഹചര്യമുണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതി ലഭിച്ചാൽ പ്രഥമദൃഷ്ട്യാ സംഭവത്തിൽ കഴമ്പുണ്ടോ എന്ന് അന്വേഷണം നടത്തണം. പരാതിയിൽ അധ്യാപകന് നോട്ടിസ് നൽകാം. അല്ലാതെ ഈ ഘട്ടത്തിൽ അറസ്റ്റ‌് ചെയ്യരുത്. വിഴിഞ്ഞത്തെ ആറാം ക്ലാസുകാരനെ അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ചെ പരാതിയിൽ അധ്യാപകനു മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലാണു കോടതിയുടെ പ്രധാന നിർദേശം.
അധ്യാപകർ ആവശ്യമെങ്കിൽ ഒരു ചൂരൽ കൈയിൽ കരുതട്ടെയെന്നും കോടതി പറഞ്ഞു. അത് എപ്പോഴും ഉപയോഗിക്കണമെന്നില്ല. എന്നാൽ, ചുരൽ അധ്യാപകരുടെ കൈവശമിരിക്കുന്നത് അരുതാത്ത ത് ചെയ്യുന്നതിൽനിന്ന് വിദ്യാർഥികളെ നിരുത്സാഹപ്പെടുത്തുമെന്നും കോടതി പറഞ്ഞു.