തിരുവനന്തപുരം: ഭിന്നശേഷി നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമർപ്പിച്ച പ്രൊപ്പോസല്‍ അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിന് കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വി.ശിവൻകുട്ടി. നിയമനം ലഭിച്ചവര്‍ക്ക് കോടതി വിധികള്‍ക്കനുസൃതമായി, ഒഴിവ് നിലവില്‍ വന്ന തീയതിയുടെ അടിസ്ഥാനത്തില്‍ പ്രൊവിഷണലായി ശമ്പള സ്കെയിലിലോ ദിവസവേതന അടിസ്ഥാനത്തിലോ നിയമനാംഗീകാരം നല്‍കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങളെല്ലാം നല്‍കിയിട്ടുണ്ട്.
എയിഡഡ് സ്‌കൂൾ അധ്യാപക നിയമനം കെഇആർ ചട്ടങ്ങൾക്കനുസൃതമായി വേണം നടത്തേണ്ടത്. അപ്പോയ്‌മെന്റ് അതോറിറ്റി സ്‌കൂൾ മാനേജരാണ്. മാനേജർ അപ്പോയ്‌മെന്റ് നടത്തിയാണ് അംഗീകാരത്തിന് വേണ്ടി വിദ്യാഭ്യാസ ഓഫീസർക്ക് നൽകുന്നത്. വിദ്യാഭ്യാസ ഓഫീസർ ഇക്കാര്യം പരിശോധിക്കുകയും നിലവിലെ കെഇആർ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ അംഗീകാരം നൽകുകയും ചെയ്യുന്നു. ചട്ടങ്ങൾ പാലിക്കാത്ത നിയമനങ്ങളാണ് നിലവിൽ തടസ്സപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പ്രശ്‌നം പരിഹരിക്കാൻ സർക്കാർ സമന്വയ പോർട്ടൽ അപ്‌ഡേറ്റ് ചെയ്യുകയാണ്. ചട്ടങ്ങൾ പാലിക്കുകയും എല്ലാ രേഖകളും മാനേജ്‌മെന്റ് ലഭ്യമാക്കുകയും ചെയ്താൽ മാത്രമേ പോർട്ടലിൽ വിവരങ്ങൾ ചേർക്കാനും റെഗുലർ തസ്തികയിൽ നിയമനം നടത്താനും സാധിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു. പൂര്‍ണ്ണമായും ഭിന്നശേഷി സംവരണം പൂര്‍ത്തിയാക്കിയ സ്കൂളുകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് റഗുലറായി അംഗീകാരം നല്‍കുന്നുണ്ട്. അധിക തസ്തികകളില്‍ സംരക്ഷിതാധ്യാപകരെ ലഭ്യമല്ലെങ്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡിഡിഇ യുടെ അനുമതിയോടെ നിയമനം നടത്താവുന്നതാണ്.
ഭിന്നശേഷി നിയമനം സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കോടതി നിർദ്ദേശം അനുസരിച്ച് സാമൂഹിക നീതി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ചാണ് ഭിന്നശേഷി നിയമനങ്ങൾ നടന്നു വരുന്നതെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.