തിരുവനന്തപുരം: ഗവ.വിമന്‍സ് കോളേജിലെ പെരിയാർ എന്ന വേദിക്ക് മുന്നിൽ ഇരിക്കുമ്പോൾ മന്ത്രി വീണാ ജോർജിന്റെയും സഹപാഠികളുടെയും മനസ്സിൽ പഴയ ഓർമ്മകൾ ഓടിയെത്തി. യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിൽ ഇതേ വേദിയിൽ അവതരിപ്പിച്ച ഇനങ്ങൾ ഓർമകളിൽ മിന്നിമറഞ്ഞു. വിമന്‍സ് കോളേജിലെ പഠനം കഴിഞ്ഞ് ഏറെ കാലത്തിനു ശേഷമുള്ള അവരുടെ സമാഗമംകൂടിയായിരുന്നു അത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തിയതായിരുന്നു മന്ത്രി വീണാ ജോർജ്. ഗവ.വിമന്‍സ് കോളേജിലെ വേദിക്ക് മുന്നിൽ എത്തിയപ്പോഴാണ് തന്റെ ജൂനിയറായിരുന്ന സഹപാഠികളെ കണ്ടത്.

പ്രശസ്ത സിനിമാ, സീരിയല്‍ താരവും മെഡിക്കല്‍ കോളജ് ഒഫ്ത്താല്‍മോളജി ഡോക്ടറുമായ ആര്യ, സീരിയല്‍ താരം അഞ്ജിത, ഗായിക സിനിജ, അനുജത്തിയും ഹൈക്കോടതി അഭിഭാഷകയുമായ വിദ്യ എന്നിവർ യാദൃശ്ചികമായാണ് മന്ത്രിയുടെ മുന്നിലെത്തിയത്.
ആര്യയും വിദ്യയും പ്രീഡിഗ്രിക്കും സിനിജയും അഞ്ജിതയും ഡിഗ്രിയ്ക്കും പഠിക്കുമ്പോൾ മന്ത്രി വീണാ ജോര്‍ജ് ബിരുദാനന്തര ബിരുദത്തിനാണ് പഠിച്ചിരുന്നത്. പല ക്ലാസുകളിലാണ്ക പഠിച്ചിരുന്നതെങ്കിലും കാലോത്സവ വേദികളാണ് ഇവരെ അടുപ്പിച്ചത്. ഏവരും ഒപ്പമിരുന്ന് മത്സരങ്ങൾ ആസ്വദിച്ചാണ് പിരിഞ്ഞത്.